Friday, January 14, 2011

ചൊക്ക്

ഇന്നലെ രാത്രി നന്നായി മഴ പെയ്തു.

കുടയെടുത്തതിനാല്‍ ഇടിയും മിന്നലും വന്നില്ല.

സാഹിത്യ സമ്മേളനത്തില്‍ ദിവസവും രാവിലെ പോകേണ്ടി വരുന്നതിനാല്‍ ഇന്നും പ്രാതല്‍ കോഴി തന്നെ. കഴികേണ്ടന്നു കരുതി, രണ്ടു പൂളു വായിലിട്ടു. പിന്നെ ചിറകു വിടര്‍ത്തി, ഞെളിഞ്ഞു നിന്നു, നെഞ്ച് കൂടമര്‍ത്തി ഉറക്കെ കൂവി. അല്പം കഫം കലര്‍ന്ന തുപ്പല്‍ ഉള്ളം കൈയ്യില്‍ അടച്ചു വെച്ചു. ലാപ്ടോപി ന്‍റെ ഒഴിഞ്ഞ ബാഗില്‍ പത്മനാഭന്‍റെ പ്രിയപ്പെട്ട കഥകളുമിട്ടു കാഞ്ചി വലിച്ചു. രണ്ടു ബുള്ളറ്റെടുത്തിടാനും മറന്നില്ല. അഞ്ചാണെന്നു ചെന്നൈ ലേഖകന്‍.

ബസ് സ്റ്റോപ്പിലെത്തുന്നതിനു മുമ്പേ സംഘാടകര്‍ പറഞ്ഞയച്ച സാധനം പാഞ്ഞുപോയിരുന്നു. കേന്ദ്രം വിലക്കിയ സംസ്ഥാനത്തിന്‍റെ ചില്ലടര്‍ന്ന ബസ്സില്‍ കയറാതെ ഓട്ടോ പത്തുരൂപ സ്പീഡിലൊതുക്കി സ്റ്റേഷനിലേക്ക് കുതിച്ചു.

പാവം തീറ്റ കിട്ടുന്ന പശു അന്നെത്താന്‍ അറുപതു മിനുറ്റു വൈകും, തീറ്റതുടങ്ങി കുറ്റിത്തലയായ പശു തൊട്ടടുത്ത തൊടിയില്‍ ഷണ്‍ഡിങ്ങിനും കോഷനുമിടയില്‍ അയവെട്ടി വിശ്രമിക്കുകയത്രേ. ഇംഗ്ലീഷ് വറുത്തു വില്‍ക്കുന്ന ലണ്ടനിലെ കുട്ടികള്‍ക്ക് മാര്‍ഗ്ഗദര്‍ശി പ്രബന്ധമവതരിപ്പിച്ചു ഒരു ചാക്ക് കാലി തീറ്റയുമായി മടങ്ങും. എന്നിരുന്നാലും സ്റ്റേഷനില്‍ നിരവധി ആളുകള്‍ മിനിറ്റു വച്ചു ചായ കുടിച്ചു കൊണ്ടിരുന്നു. അമേരിക്കയില്‍ നടക്കുന്ന മാതിരി.

ഇസ്ലാമിക സാഹിത്യം അട്ടിതൂക്കിയിട്ടിരിക്കുന്ന പുസ്തകശാലയില്‍ അന്നു തീരാത്തതായി ദേശാഭിമാനി മാത്രം. കോയമ്പത്തൂര്‍ സമ്മേളനം തുടങ്ങിയപ്പോള്‍ കുപ്പിവെള്ളത്തിന് വില കൂടി. ഊറിച്ചിരിക്കാന്‍ ഉള്ളിതാടിമാത്രം അവശേഷിച്ച ഗ്രന്ഥകാരന്‍ ഇരയെത്തേടി പുറപ്പെട്ടുവെന്ന് തോന്നുന്നു. വിരശല്യമുള്ളതിനാല്‍ പിന്നീടവിടെ നിന്നില്ല.

ഉച്ചയൂണിനു ശേഷം സ്ഥിരമായി ഉറക്കം വരാറുള്ള കുറച്ചു പെണ്ണുങ്ങള്‍ പ്ലാറ്റുഫോമിലൂടെ ഉലാത്തികൊണ്ടിരുന്നു. ഒരെണ്ണത്തിനെ കിട്ടിയിരുന്നെങ്കില്‍ ഇത്തവണത്തെ ഓണം അടിച്ചു പൊളിക്കാമായിരുന്നു.

കഴിഞ്ഞ തവണ ഇതേപോലരു യാത്രാമൊഴിയിലായിരുന്നു ചുള്ളിക്കാട് പാടിയിരുന്നത്. ഒഴിഞ്ഞ ബഞ്ചില്‍ മോഹിനിയെ കണ്ടു. മോഹിനിയാണെങ്കില്‍ എന്ത് വായിച്ചാലും എസ്.എം.എസ് ചെയ്യും.അല്ലാത്തപ്പം മിസ്‌ കോള്. പാവാട പ്രായത്തില്‍ നിന്നെ കണ്ടപ്പോള്‍ മോഹിനിക്കുവേണ്ടി എഴുതിയതാണെന്ന് തോന്നും.

പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നും വീശിയടിച്ച കാറ്റില്‍ ചുവപ്പ് തുണികള്‍ ഇളകിക്കൊണ്ടിരുന്നു. വഴിനീളെ സ്വീകരണം ഏറ്റുവാങ്ങി ശരീരം മെച്ചപ്പെട്ടു. ട്രാക്കിന്‍റെ പോഷകസമ്പുഷ്ടമായ അവശേഷിപ്പുകളില്‍ കണ്ണുകൊടുകാതെ മോഹിനി, ആഷാറാണിയുടെ പച്ചകത്തുടിപ്പുകള്‍ വായിച്ചുത്തീര്‍ത്തിരുന്നു. കാമത്തിന്‍റെ ഹോട്ടലിലെ ഇഡ്ഡ്ലിയേക്കാള്‍ ബഹുരസമായിരുന്നു ആഷാറാണിയുടെ വായനാസുഖം.

ഒഴിഞ്ഞ ബെഞ്ചില്‍ മോഹിനി നീക്കിവെച്ച സ്ഥലത്ത് നിറയെ അപ്പിയിട്ടിട്ടുണ്ടായിരുന്നു. ഉച്ചകഞ്ഞി വിതരണത്തിലെ അപാകത റെയില്‍വേ മന്ത്രാലയം അറിഞ്ഞ മട്ടില്ല. തരിശു നിലം കൃഷിഭൂമിയാക്കണമെന്നു നിലവിളിയുയരുന്ന ഇക്കാലത്തുപോലും.


"ഹലോ മോഹിനി" എന്ന് പറഞ്ഞു ബാക്കി സ്ഥലത്തിന്‍റെ ടോക്കണ്‍ കൊടുത്തു അടിയാധാരം എന്‍റെ പേരിലാക്കി. എന്നിട്ട് കൊച്ചുങ്ങളെ വഴിതെറ്റിക്കുന്ന അധ്യാപകനെ ധ്യാനിച്ചു ഞാനവളെ ഗൂഢമായി നോക്കി. അവള്‍ ചിരിച്ചുദീര്‍ഘവൃത്തം പോലെ പതവരുത്തി.

"മോഹിനിയെങ്ങോട്ടാ? തെക്കോ വടക്കോ?"

പിന്നങ്ങോട്ട് മോഹിനി ചിരിച്ചില്ല.

"രണ്ടടിച്ചാല്‍ തെക്ക്, മൂന്നടിച്ചാല്‍ വടക്ക്"

പാളം തെറ്റി ഓടികൊണ്ടിരിക്കുന്ന ഒരു ഗുഡ്സ് വണ്ടി ഞങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി പാഞ്ഞു പോയി. പാണക്കാട്ടെക്കാവും.

പാനിപ്പത്ത് യുദ്ധം കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന ഒരു സംഘം പട്ടാളക്കാര്‍ ഞങ്ങളെ നോക്കി വെള്ളമിറക്കി. കൂടെ പാഞ്ഞു പോയ കാറ്റിനു ഹെര്‍ക്കുലിസ് റമ്മിന്‍റെ ത്രീ എക്സ് മണം.

ബ്രേയ്ക്കിനു ശേഷം ഉദ്യാനപാലകന്‍ മോഹിനിയിലേക്ക് തിരിച്ചെത്തി.

"കുളിക്കാന്‍ തോര്‍ത്ത്‌ കൊണ്ട് വന്നിട്ടുണ്ടോ?"

മോഹിനിക്കത് പിടിച്ചു. അവള്‍ ദിനോസര്‍ വായിച്ചിട്ട് കുറ്റം പറഞ്ഞു.

"മാഷുടെ ഒരു തമാശ! മേശവിരി പോരെ"

ഹോട്ടലിന്‍റെ മുറ്റം നിറയെ ആളുകളെ കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. മുറി ഒഴിവുണ്ടോ എന്തോ? ഇപ്പം വരാമെന്ന് പറഞ്ഞു ഒരു കെയ്സ് തണുപ്പിച്ച ബിയര്‍ മൂന്നാം നിലയിലേക്ക് പറന്നു പൊങ്ങി.

നൂറുരൂപയുടെ പറക്കുന്ന നോട്ടില്‍ റിസപ്ഷനിസ്റ്റ് ഗാന്ധിയുടെ ചിത്രം പരതി.

"വ്യാജനല്ല, സര്‍ദ്ദാരിക്ക് വേറെ പണി കിട്ടി."

"ലഗ്ഗെജില്ലേ സര്‍" കൊലുന്നനെയുള്ള ഒരു എലുമ്പന്‍ പിന്നില്‍ നിന്നും മോഹിനിക്ക് ചന്തി ചൊറിഞ്ഞ് കൊടുത്തു. ഞാന്‍ പറഞ്ഞു. : എന്നാലത് പിടിച്ചോ"


മുല്ലപ്പൂക്കള്‍ കൊണ്ടലങ്കരിച്ച കിടക്കവിരികളില്‍ തലേന്നത്തെതായി ഒന്നുമുണ്ടായിരുന്നില്ല. മുറച്ചെറുക്കനായത് കൊണ്ട് ഉറ ഉപയോഗിചിരികണം. പാല്, വിവാഹം, മരണം എന്നിവയെ മാത്രം ഒഴിവാക്കി. പത്രം വന്നതുമില്ല.

ഹോട്ടലിലെത്തി കിടക്കവരെ തുടങ്ങിയപ്പോഴും തീവണ്ടി കൂകിയെത്തി. ഇന്നത്തെ കാലത്ത് നവരസങ്ങള്‍ ഏഴെണ്ണമെടുക്കാനുണ്ടാവില്ല.

വടിച്ചു വടിച്ചു തലയോട്ടിവരെ പാതിയായ ഒരാളായിരുന്നു അധ്യക്ഷന്‍. കറുപ്പ് കഴക്കുദിച്ചത്പോലെ അയാള്‍ നിന്നു കിതച്ചു. സ്വാഗതം പറഞ്ഞയാളും ആടുന്നുണ്ടായിരുന്നു. ബ്രാന്‍ഡേതെന്നു അയാള്‍ പറഞ്ഞത് ആള്‍ക്കാര്‍ കേട്ടതേയില്ല. നിരൂപണം എഴുതാനിരിക്കുമ്പോള്‍ സെര്‍വര്‍ ഡൗണായി ഇത്തവണത്തെ ഓണപതിപ്പില്‍ വന്നതുമില്ല.

മുന്‍വരിയിലുരുന്ന കറുത്ത് മിന്നുന്ന പെണ്‍കുട്ടിയെ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. സല്‍വാര്‍ വേഷമെങ്കിലും ഷാള്‍ കൊണ്ടുവന്നിട്ടില്ല. ജേര്‍ണലിസ്റ്റായത് കൊണ്ടാവണം.

സഭാധ്യാക്ഷന് മടുത്തപ്പോള്‍ ഞാനെഴുന്നേറ്റു. പ്രസംഗം പരതിയ കയ്യില്‍ വെടിയുണ്ടയും പത്മനാഭനും പിന്നെയും കൊത്തി. മൈക്കിനടുത്തു എത്തിയപ്പോള്‍ വിസ്മയയില്‍ കുളിച്ച ഈറന്‍ മാറാത്ത പെണ്ണുങ്ങള്‍ കയ്യടിച്ചു.

'പത്തായിരം രൂപ തികച്ചെടുക്കനില്ലാത്ത ജന്മാധാരം'

കൊല്ലം ആയിരത്തി ഒരുനൂറ്റി അറുപത്തൊമ്പത് കന്നിമാസം നാലിന് മൂലമ്പള്ളി ഗ്രാമത്തില്‍ മുളവുകാട് താമസിക്കും പി. ജെ. ദേവസ്യ എന്നവരുടെ മകനും കമ്പനിജോലി മുമ്പത്തേക്കാള്‍ വയസ്സധികം, രണ്ടുകുട്ടികളുടെ അച്ഛനും ഭാര്യയുമുള്ള, പോട്ടംപ്ലാക്കല്‍ ജോസുക്കുട്ടി സ്വമനസ്സാലെ ഒപ്പിട്ടത്.

ചുവടെ കാണിച്ച പ്രകാരത്തിങ്കലുള്ള സ്വത്ത് മുമ്പ് പൂച്ചാലി പുരുഷു എന്നയാളുടെ ജന്മാധാരമായിരുന്നിട്ടുള്ളതും അതിന്മേലും മറ്റും കടലുണ്ടി മറിയാക്ക് വെറും കൊഴുകൃഷി നടപ്പ് കുടിയാന്മവകാശവും കൈവശമായ നിലയില്‍ അതിന്‍റെ ജന്മം വച്ചതിനു വേണ്ടി കച്ചേരിപടവ് ലാന്‍റ് ട്രൈബ്യുണലില്‍ എല്‍. എ. 1409/1981 നമ്പ്ര് കേസ് ഫയലാക്കുകയും അതിന്മേലുണ്ടായ തീര്‍പ്പ് പ്രകാരം മേപ്പടി മറിയാക്ക് ജന്മം പതിച്ചുകൊടുക്കുകയും 811/866 നമ്പ്ര് ക്രയസര്‍ട്ടിഫിക്കറ്റ് കിട്ടുകയും ചെയ്ത ശേഷം മേല്പോട്ട് നോക്കിനിന്നവരെ വല്ലാര്‍പാടം ടെര്‍മിനലിലേക്ക് പോക്കുവരവിനു കൊണ്ടുപോകുകയായിരുന്ന ജെ.സി.ബി. ഇടിക്കുകയും..."

ഒന്ന് നിര്‍ത്തി, മുരടനക്കി പിന്നെയും പെണ്ണുങ്ങളോട് കയര്‍ത്തു.

"ചുവടെ പറയുന്ന സ്വത്ത് വേറെയും സ്വത്തോട്കൂടി മറിയാക്ക് 1991 മാര്‍ച്ച് 26-ാം തിയ്യതി എഴുതി കച്ചെരിപ്പടവ് രജി. ആഫീസില്‍ 1.404.91.101.91 ല്‍ 1116ാം നമ്പ്ര് ആധാരമൂലം ഞാന്‍ ജന്മം വാങ്ങുകയും ചെയ്ത വഴി ഇപ്പോഴും എപ്പോഴും എനിക്ക് മാത്രം അവകാശപെട്ടതും എന്‍റെ ജന്മവും കൈവശവുമായ വഹകളില്‍പ്പെട്ടതും ഞാന്‍ സര്‍ക്കാര്‍ നികുതിയും അതിന്‍റെ പേരില്‍ നോക്കുകൂലിയും കൊടുത്തു അനുഭവിച്ചു വരുന്നതും യാതൊരു വിധ കുടിക്കടവുമില്ലാത്തതിനാല്‍ മേല്പോട്ട് നോക്കി നിന്നവരെ അന്യായമായി ജെ.സി.ബി. കൊണ്ട് ഇടിപ്പികുകയും ഇത്രയും കാലം നല്ലതായ നടപ്പുവരവിനെ പോക്കുവരവാക്കുകയും അടിയാധാരത്തെ വഴിയാധാരമാക്കുകയും...."

പ്രസംഗം നീണ്ടുപോയപ്പോഴും കയ്യാങ്കളി തുടര്‍ന്നു കൊണ്ടിരുന്നു. കവര് കിട്ടിയപ്പോള്‍ യോഗം പിരിച്ചു വിട്ടു.

ചുരമിറങ്ങിവന്ന കാറ്റിനു മില്ലിന്‍റെ ശക്തിയുണ്ട്.

മുന്‍വരിയിലിരുന്ന കറുത്തു മിനുത്ത പെണ്‍കുട്ടി കാറിന്‍റെ ഗ്ലാസ്സുയര്‍ത്തി കാറ്റിനെ പുറത്താക്കി. എന്നിട്ട് എന്‍റെ നേരെത്തിരിഞ്ഞു ചോദിച്ചു.

"തോര്‍ത്ത്‌ കൊണ്ട് വന്നിട്ടുണ്ടോ?"ചൊക്ക്- രണ്ടാം ഭാഗം


രണ്ടാം ഭാഗം
ഇരുണ്ടുകെട്ടിയ ആകാശത്തിനും ഒരങ്കലാപ്പുണ്ട് . മഴ പെയ്യുമോ- അതോ കാറ്റു കൊണ്ടുപോകുമോ. എന്തായാലും കാറ്റായിരിക്കുകയില്ല. കാലാവസ്ഥനിരീക്ഷണകേന്ദ്രത്തില്‍ നിന്ന് ആടിയാടി
പോയയാള്‍ സൂചനയൊന്നും തരാത്ത തെറിയാണ് പറഞ്ഞുകൊണ്ടിരുന്നത് . മഴമേഘങ്ങള്‍ക്കെന്നും തോടിയാണ്. സംഗീതവാസനയില്ലാത്തതിനാല്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.
ലഗേജ് കാബിന്‍ മൊത്തം ഡ്യൂട്ടിഫ്രീ-മാല്‍ ആയതുകൊണ്ടാവണം ദുബായില്‍ നിന്നും പറന്നെത്തിയ വിമാനം എട്ടു മണിക്കൂര്‍ വൈകി വെച്ചുവേച്ചാണ് ലാന്‍ഡ് ചെയ്തത് . .
ഡ്യുട്ടി കഴിഞ്ഞു ഒരാഴ്ചയായിട്ടും ,വീട്ടില്‍ പോവാത്ത വയസ്സന്മാരായ റിട്ടയേര്‍ഡ്‌ കസ്റ്റംസ് ഓഫീസര്‍മാര്‍ ചാക്കുമായി ദുബായിക്കാരെ വട്ടമിട്ടു പിടിച്ചു.അണ്‍ഡര്‍ വെയര്‍ അടക്കം ഊരിക്കൊടുത്തു
നഗ്നപാദരായി കള്ള് ഷാപ്പ് ലക്ഷ്യമാക്കി പാഞ്ഞു.

അയാള്‍ എത്തിയപ്പോള്‍ പിന്നെയും നേരമിരുട്ടി. ഇരന്നു കൊണ്ടായിരുന്നു വരവ്. ദക്ഷിണകാശിയില്‍ ശിവഗംഗേ എന്ന എന്ന പാട്ടും പാടി.
പോര്‍ച്ചിനു മുന്നില്‍ രാമച്ചത്തിന്‍റെ കുളിരും കസ്തൂരി മഞ്ഞളിന്‍റെ കാന്തിയുമുള്ള ഒരു കറുത്ത സുന്ദരി സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നു.
ഇംഗ്ലിഷിലായത് കൊണ്ടാവാം ഇടയ്ക്കിടെ ചന്തിയും ചോറിയുന്നുണ്ട്. നായര്‍ എന്നെ നോക്കി .

"ഒന്ന് ഒരസിയാലോടാ '

'ഉണ്ണിയേട്ടാ, ലേഡി മൌണ്ട് ബാറ്റനും ചെറിയ കോവിലകത്തു കേശവ പിള്ളയും തമ്മിലുണ്ടായിരുന്ന ബന്ധമറിയ്വോ നിങ്ങള്‍ക്ക് . പുല ,ബാലാമ ഇതൊക്കെ ,
ഇന്ത്യയെ നമ്മള്‍ക്ക് പിന്നെ കണ്ടെത്താം . ഇപ്പോള്‍ വീട് പിടിക്കാം "

എയര്‍ പോര്‍ട്ടിനു മുന്‍പിലെ വിശാലമായ മന്തോട്ടത്തില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളിലൊന്നില്‍ അവരിരുവരും വിദേശത്തേക്ക് തിരിച്ചു.
അരമണിക്കൂര്‍ ഓടിക്കഴിഞ്ഞു കര്‍ണ്ണാടകം കേരളത്തിനു കുറുകെ കെട്ടിയിരിക്കുന്ന പാലം കഴിഞ്ഞപ്പോള്‍ കാറില്‍ ബാറു തുടങ്ങി. സര്‍ക്കാരിന്‍റെ പ്രഖ്യാപിത അബ്കാരിനയത്തില്‍
അല്‍പം മാത്രം വെള്ളം ചേര്‍ത്ത് , കാന്താരിമുളകിന്‍റെ മാറ് പിളര്‍ന്നു , നാരങ്ങാരസം പറഞ്ഞുണ്ടാക്കി അയാള്‍ നായര്‍ക്ക്‌ ചെരിച്ചുകൊടുത്തു . ഇടയ്ക്കിടയ്ക്ക് സ്വയം പ്രോത്സാഹിപ്പിക്കാനും
മറന്നില്ല.

"എടാ ബംഗാളില്‍ നമ്മുടെ അവസ്ഥയെന്താ ?"

കാരണവന്മാരുണ്ടാക്കിയതിലൊക്കെ സലിം ഭായ് ഒപ്പ് വച്ചിട്ടുണ്ട് , ടാറ്റ പറഞ്ഞു പോയെങ്കിലും നീരയില്‍ പ്രതീക്ഷയുണ്ട് "

"അവയ്ല്ലബില്‍ പോളിറ്റ് ബ്യൂറോയില്‍ മേല്‍കമ്മറ്റി തീരുമാനം വന്നോ ?"

കാരാട്ട് ബ്രിന്ദയോട് എത്ര വട്ടം ചോദിച്ചിട്ടും അവരൊന്നും മിണ്ടുന്നില്ല.
.
ലീഡറില്ലാത്ത റോഡായിട്ടും ആളുകള്‍ പേടിച്ചുതൂറി തന്നെയാണ് വണ്ടിയോടിക്കുന്നത്. കുഴികളുള്ളതിനാല്‍ സ്വയം കുലുങ്ങേണ്ടി വന്നില്ല. കുമ്പളപ്പാലം കഴിഞ്ഞപ്പോള്‍ പോലീസ് കൈകാട്ടി.
എസ്. ഐ പുതിയതാണെങ്കിലും അക്ഷര സ്ഫുടത തൊട്ടുതെറിച്ചിട്ടില്ല

മദ്യപിച്ചു വണ്ടി വിട്ടാല്‍ ദിര്‍ഹം അഞ്ഞൂറാണ് ചലാന്‍

സിബ്ബിടാത്ത മറ്റുപോലീസുകാര്‍ ആര്‍ത്തിയോടെ കുരവ വിളിച്ചു

നൂറു കൂടിയാലും സാരമില്ല സാറേ ....

ഉന്മത്തരായ ജയരാജര് കക്കിക്ക് പുല്ലുവില നല്‍കിയെങ്കിലും കോടതിയില്‍ ഭവ്യത കാണിച്ചു .അടിക്കൊട്ടിയ ബാക്കിദ്രവ്യം അണ്ണാക്കിലൊഴിച്ചു ഒരയ്യായിരത്തിന്റെ ഒറ്റനോട്ടെടുത്ത് നായര്‍
ആഭ്യന്തരവകുപ്പിന് കൈമാറി .

"ഇത് വച്ചോ , ഒരാഴ്ച ഞാനിവിടെ കാണും "

ഹാന്‍ഡ്സ് അപ്പ് , പോലീസ്ബില്‍ ഇന്നലെ സഭയില്‍ പാസ്സാക്കിയതിനാല്‍ റസീറ്റിനു ക്ഷാമം.എഴുപതോളം ആള്‍ക്കാര്‍ക്കുള്ള ശവഘോഷയാണിത്തവണ ആഭ്യന്തര വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നത് . വന്നവര്‍ക്ക് ഇരിക്കാനുള്ള സോഫകള്‍ ചെത്ത് തൊഴിലാളി സംഘടന കടമായി നല്‍കും. ഇതിന്‍റെ നയതന്ത്രരേഖയില്‍ ഗവര്‍ണര്‍ കണ്ണും പൂട്ടി ഒപ്പിട്ടു കഴിഞ്ഞു

എന്നാല്‍ ഓരോ പാട്ടുംപാടി നാരായണിയുടെ ചെറ്റപ്പുരക്ക് മുട്ടാം.
കണ്ടം വരമ്പത്തൂടെ ചിണ്ടന്‍ പോമ്പോ ,
എന്തിനു നീ മാക്കേ താണ് നോക്കുന്നെ
കോണം കറുത്തത് കൂട്ടാക്കണ്ടാ
കുറിവച്ച കോണം ന്‍റെ പെട്ടീലുണ്ട്

(തുടരും)

* ചൊക്ക് : കൃസൃതി

4 comments:

മാ ര്‍ ... ജാ ര ന്‍ said...

പോരട്ടങ്ങിനെ പോരട്ടെ...........

p a n a t h u r an said...

നല്ല പാങ്ങുണ്ട്

AC said...

apoorva sahodarangalllll

CR PARAMESWARAN said...

Pungent-legacy of VKN-great