Sunday, March 31, 2013

'കോണ്‍ക്ലേവ് '

 
 
 

ബനഡിക്റ്റ് പാപ്പയുടെ സ്ഥാനത്യാഗവാര്‍ത്ത പുറത്തു വന്നതുമുതല്‍ ചൂടായി വന്നൊരു വാക്കാണ്‌ 'കോണ്‍ക്ലേവ്'. ഈ വാക്കിന്റെ ഉത്ഭവം 'cum'(with,കൂടെ), 'clavis'(key-താക്കോല്‍) എന്നീ ലത്തീന്‍ കത്തോലിക്കാ പദത്തിൽ നിന്നത്രേ . 'സുരക്ഷിതമായി അടയ്ക്കപെട്ട സ്ഥലം' .എന്ന്‌ ശ്രേഷ്ഠ ഭാഷയിൽ മൊഴിമാറ്റിയാലും ഗുണ്ടര്ട്ടിനെ കുറ്റം പറയാനൊക്കത്തില്ല. കർദ്ദിനാൾ സംഘത്തെ ഒരു മുറിക്കകത്തടച്ചിട്ടു പുകവരാൻ കാത്തുനില്ക്കുന്ന ഒരുതരം ഏർപ്പാട്.
കോണ്‍ക്ലേവ് നടക്കുന്ന സ്ഥലത്ത് പുറത്തു നിന്നും ആര്ക്കും പ്രവേശനമില്ല .അകത്തുനിന്ന് ആര്ക്കും പുറത്തേക്കു നോക്കാനും പാടില്ല . ഒന്നിനും രണ്ടിനും തോന്നിയാലും ആരോടും മിണ്ടാതെ കാര്യം അകത്തു തന്നെ സാധിക്കണം. പ്രത്യേക ജനാല വഴി സമയാസമയം ഭക്ഷണം എത്തിക്കോളും. ആദ്യ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ ശാപ്പാടിന് റേഷൻ ഏർപ്പെടുത്തും . പിന്നങ്ങോട്ട് വെറും ഉണക്ക് റൊട്ടിയും വീഞ്ഞും വെള്ളവും മാത്രമായിരിക്കും ആഹാരം.സോഡാ പാടില്ല.
പത്രോസിന്റെ സിംഹാസനത്തിലിരിക്കാൻ നിരവധി ചടങ്ങുണ്ട്.

അതിലൊന്ന് പാപ്പയായി തെരഞ്ഞെടുത്തു വെളുത്ത പുകവിട്ടാൽ നിയുക്ത പോപ്പിന് ഒരു എൻവലപ്പ് കൈമാറും. സ്വർണ്ണം കൊണ്ടലങ്കരിച്ച സീല് ചെയ്ത ഒരു കവർ. പത്ത്രോസിന്റെ കാലം തൊട്ടേ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു നിഗൂഡത.

കവർ ഏറ്റുവാങ്ങിയ പാപ്പാ നിയുക്ത കർദ്ദിനാൾമാരുടെ ഡീനോട് അകത്തെന്താണ് എന്ന്‌ ചോദിച്ചു.
'ഹബേമൂസ് ... ഇതൊന്നും ആർക്കും അറിഞ്ഞു കൂടാ.എത്രയോ വര്ഷമായി തുടരുന്ന ചടങ്ങാണിത്‌.

അന്ന് രാത്രി, ‍പാപ്പക്ക് ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോൾ കവർ , കണ്ണ് തുറന്നാലും കവർ . സഹികെട്ടു പാപ്പ
ഡീനിനു എസ് എം എസ് സന്ദേശം അയച്ചു.

"പ്ലീസ് , കം .വെ ഷാൾ ഡു ഇറ്റ്"

നമുക്കിതങ്ങു തുറന്നാലോ കോയാ ?

അയ്യോ ,പോപ്പേ , അതൊക്കെ ശാപമല്ലേ , ആരെങ്കിലും അറിഞ്ഞാൽ ഈ വെള്ളത്തൊപ്പി പോവില്ലേ ?

ഹേയ്, നമ്മളല്ലാതെ വേറൊരു ശവിയും ഇതറിയില്ല. തുറന്നുനോക്കി നമുക്കിതേപോലെ തുപ്പലുകൂട്ടിയൊട്ടിച്ചു വയ്ക്കാം.

എന്നാൽ തുറക്കാമല്ലേ.എന്തായാലും പുക കണ്ടു .ഇനി എന്താവാനാ?

കൈവിരൽ വീഞ്ഞിൽ തൊട്ടു നക്കി വിറ വരില്ലെന്നുറപ്പുവരുത്തിഡീൻ
ആ പൌരാണികമായ എൻവലപ്പ്തുറന്നു.

അകത്തു ഒരു ബിൽ. എത്രയോ കാലമായി, ഇന്നും പേ ചെയ്യാത്ത ലാസ്റ്റ് സപ്പറിന്റെ ഒരു ബിൽ!