Sunday, February 20, 2011

ചൊക്ക് -4

രുട്ടിന്റെ അടിവയറ്റില്‍ തൊഴി കൊടുക്കേണ്ടി വന്നു സൂര്യന് വെളിച്ചം കൊണ്ടുവരാന്‍.
കാര്‍മേഘങ്ങളുടെ ഈ ശല്യം കാരണം നേരാം നേരം സ്വിച്ചിട്ടാലും കത്തുന്നില്ല .
വെളിച്ചം പരന്നപ്പോള്‍ കറന്റു ബില്ലുമായി  ഇലക്ട്രിസിറ്റി ജീവനക്കാര്‍  വീടുതോറും പരക്കം പാഞ്ഞു .ക്ഷീണിച്ചവര്‍ മുല്ലപെരിയാരില്‍ കുളിച്ചു തൊഴുതു.
അണക്കെട്ടിന്റെ  ചോര്‍ച്ച ഉടുമുണ്ടുകൊണ്ടടച്ച്  മന്ത്രി പരിവാരസമേതം  ആദിവാസി നൃത്തം ചെയ്തു...
രാവിലെയുള്ള ചങ്ങല കിലുക്കവും അളവെടുക്കലും തൊട്ടു തുടങ്ങിയാതാണ്‌ അമ്പുവിന്റെയും വെള്ളചിയുടെയും കലഹം . ഇടയ്ക്ക്  ചായ സമയത്ത്  മാത്രം ഒരു ബ്രെയ്ക്ക്  പറഞ്ഞു.
കുബെര്‍ കുഞ്ചലിയുമായി ചമ്രം പടിഞ്ഞിരുന്ന  പെണ്‍കൊച്ചു  പാര്‍ട്ടി ചാനലില്‍ പോയി വസ്ത്രം മാറിവന്നു..ഭൂട്ടാന്‍ ലോട്ടറിയുടെ ചക്രം ബീജ ഗണിത സംഖ്യയിലെ ഒറ്റനമ്പരില്‍ തെറ്റി നിന്നപ്പോള്‍
മംഗോളിയന്‍ ശൈലിയില്‍ ഒരു വിപ്ലവാഭിവാദ്യം നേര്‍ന്നു ഗ്രൂപ്പ്  വഴക്ക്  അതിന്റെ ഉച്ചസ്ഥായിലായി .

മണ്ണ്  വിറ്റാലും ശരി ,പ്ലാവിനെ കൊണ്ട് പോകാന്‍ ഞാന്‍ സമ്മതിക്കില്ലെന്ന്  വെള്ളച്ചി
.
ആടിന്റെ ഗോട്ടി  മുറിച്ചു ബന്നും കൂട്ടി തിന്നുമെന്ന്  അമ്പു...

കുടിച്ചുവന്നാല്‍ നിങ്ങളെ ഗോട്ടി ചവിട്ടി പൊട്ടിക്കുമെന്നു വെള്ളച്ചി

പോയ വാരം നാളികേരത്തിന്  വിലയിടിഞ്ഞെന്നു അമ്പു..

ചത്തുപോട്ടെ എന്ന്  വെള്ളച്ചി

മരണം വരെയും സമരം ചെയ്യുമെന്ന്  കര്‍ഷകസംഘം
പ്ലാവിന്റെ എളിയില്‍ തിരുകിയ ഒരു കമ്പ്   എസ്‌ ആകൃതിയില്‍ വളച്ചു പൊട്ടിച്ചു നായര്‍  പറഞ്ഞു
എടാ ...നീയാ പ്ലാവിനെ കുറിച്ച് മിനുട്സ് തയ്യാറാകൂ ..കാതലുണ്ടോന്നു പ്രത്യേകം നോക്കണം ..

തമിഴ് പ്ലാവാണെങ്കില്‍ കാതല്‍ കണ്ടേനെ , തലൈവി കാണാതെ അളവ് എങ്ങിനെയെടുക്കും .


ചുവന്ന ട്രൌസറിന്റെ പഴയ പോലീസ് പോക്കറ്റില്‍ നിന്ന് നായര്‍ ഒരു കാസിയോ വാച്ചു പുറത്തെടുത്തു .
പ്ലാവിന്റെ നെഞ്ചിനോട് ചേര്‍ത്ത് വെച്ചനേരം വാച്ച് ഉറക്കെ നിലവിളി തുടങ്ങി . അമ്പു ഞെട്ടി.. ഒപ്പം നായരും ഞെട്ടിക്കൊടുത്തു .
എന്താ നായരെയിത്... പ്ലാവിന്റെ കുളി തെറ്റിയോ ?

അമ്പു ..മാവോയിസ്റ്റുകള്‍ അരാജകവാദികളല്ല...അത് കൊണ്ടാണ് ഗോത്രജനങ്ങളിക്കിടയില്‍ ഇപ്പോഴും വെടിയൊച്ച മുഴങ്ങുന്നത് . ഇത് പ്ലാവല്ലേ. കാതല്‍ തീരെയില്ല  എന്ന് മെഷീന്‍ .

കാതലില്ലാത്ത പ്ലാവില പാത്തുമ്മയുടെ ആട് പോലും തിന്നൂല .

മണ്ണ് വിറ്റാലും ആടിനെ വില്ക്കില്ലെന്നു വെള്ളച്ചി പിന്നെയും  ശഠിച്ചു .

മീനമാസത്തിലെ സൂര്യന്‍  കണ്ടപ്പോഴും ചിരുകണ്ടന്‍ അവസാനം നിന്ന പ്ലാവില്‍ ഒരു ചുവന്ന കൊടി പാറുന്നെന്നായിരുന്നു വെള്ളച്ചിയുടെ ഓര്മ .

വിക്കി കൊണ്ടിരുന്ന ശങ്കരന് പശുവിനെ അഴിച്ചു കൊടുത്തെങ്കിലും മാത ആടിനെകൊടുക്കാന്‍ കൂട്ടാക്കിയില്ല .പ്ലാവിലയായിരുന്നു കാരണം.

വെള്ളച്ചി ,നീ പോയി വെള്ളം കുറച്ചു ഒരു ചായ കൊണ്ടുവാ . പഞ്ചാരയില്ലെങ്കില്‍ ഉപ്പിട്ടതായാലും മതി .

വെള്ളച്ചി പോയപ്പോള്‍ നായര്‍ ഒരു ഗ്ലാസ്‌ ചെരിച്ചു കൊടുത്തു.. ചിറി തുടച്ച കൈ ചന്തിയിലും തുടച്ചപ്പോള്‍ അടുത്ത ഗ്ലാസ്‌ വന്നു .ചന്തിക്കും സന്തോഷമായി

അമ്പു , പണം ഞാന്‍ റൌഫ്  വഴി എത്തിക്കാം ..എന്നാലെ അത്  നാലാള്‍  അറിയൂ..പണി ഞാന്‍ , നാളെ തന്നെ തുടങ്ങും .. ഇവിടെ മണ്ണ് നിന്ന കാര്യം പെണ്ണ് പോലും  അറിയരുത് .ജഡ്ജിയദ്ദേഹത്തിന്റെ  കാര്യം ഒളിക്യാമറയില്‍  കണ്ടോളാം ..

ഉച്ചപൂജയ്ക്ക്  സൈറണ്‍ മുഴങ്ങിയപ്പോള്‍  മണി ഒന്നായി .
ജനകീയപോലീസിന്റെ  കാവലുണ്ടായിട്ടും  ഭണ്ടാരം ക്ഷേത്രസംരക്ഷണ സമിതിക്കാര്‍  തന്നെ  പൊക്കി . ദേവസ്വം ബോര്‍ഡു നേരെത്തെ കൈവച്ചതിനാല്‍ തപ്പി നോക്കി മിനക്കെട്ടില്ല..


 രണ്ടു രൂപയുടെ എടുക്കാത്ത നോട്ടു ഒഴിഞ്ഞ ഭാണ്ടാരത്തിലിട്ടു നായര്‍ ഭഗവാനെ തൊഴുതു.. ഭഗവാന്‍  തിരിച്ചും...
എന്താ , കൃഷ്ണാ , ഗുരുവായൂര്  വന്നപ്പോള്‍  കണ്ടില്ല...

ഒരു സിനിമയില്‍  ചാന്‍സ്  കിട്ടി നായരേ... രഞ്ജിത്തിന്റെ കൂടെ മഞ്ചാടി എറിയാന്‍ പോയി...

എന്നിട്ടോ...?

അവര്‍ കല്യാണം കഴിച്ചു പാട്ടു തീര്‍ന്നപ്പോള്‍  എന്നെ തിരിഞ്ഞു നോക്കി...അവള്‍ക്കു രഹസ്യഭാഗം കാണിച്ചെങ്കിലും അവന്‍ കണ്ടതായി നടിച്ചില്ല..

കൂന് വന്നു നിലം തൊടാറായ ഒരാളാണ്  പൂജാരി . നായരെ കണ്ടപ്പോള്‍ പൂജയ്ക്ക്  സ്പീഡു കൂട്ടി .കരാട്ടെ , കുംങ്ങ്ഫൂ എന്നിവയില്‍ മികവുകാട്ടി പട്ടര്‍ ആരതിയുഴിഞ്ഞു  കൃഷ്ണനെ വീര്‍പ്പുമുട്ടിച്ചു
 
ക്യാ  കര്താഹെ  ദുശ്മന്‍ പൂജാരി ...ഹം ബല്‍റാം നഹിഹെ,  ഐസാ  ഹര്‍ക്കത്ത്  മേ കുച്ച് കുച്ച്  ഹോതാഹെ ...

ക്ഷേത്ര പരിസരത്തും  നിറയെ  ആള്‍ക്കാരെ കുഴിചിട്ടുട്ടുണ്ടായിരുന്നു . വെടിക്കെട്ട്‌ നടന്നു ക്ഷീണിച്ചവശരായ അമ്പലവാസികളെ ആളുകള്‍ പല്ലക്കില്‍ ചുമന്നു നടന്നു.
പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ കേന്ദ്രമന്ത്രി നേരിട്ടിടപെട്ടെങ്കിലും പ്രോട്ടോക്കോള്‍ ഭയന്ന്  ഘടകകക്ഷിനേതാക്കള്‍ പൊതുയോഗത്തില്‍ നിന്നും വിട്ടു നിന്നു.
നായരുടെ അമ്പലയാത്ര നായകനടന്‍  ഖസാകില്‍ പോയ പോലെ  എഴുതി പിടിപ്പിച്ചു പിന്നെ നിറം ചേര്‍ത്തതായിരുന്നു . ക്ഷേത്ര പ്രവേശനവിളംബരം കൂട്ട മണിയായി
ഇപ്പോള്‍  തപ്പാലിലും ലഭിക്കും .
പ്രാര്‍ത്ഥിക്കാന്‍ വേണ്ട ഓരോ കാരണങ്ങള്‍ അഗര്‍ബത്തി കമ്പനിക്കു  വിട്ടുകൊടുത്തു  പൂജാരി നട തള്ളി തുറന്നു . കിളിവാതിലില്‍ കൂടി തുറുകണ്ണ് പായിച്ചപ്പോള്‍ കള്ളി വെളിച്ചത്തായി .ഇന്നലെ കണ്ട അതെ കണ്ണന്‍ ! അതെ  മുഷിഞ്ഞ ലങ്കോട്ടി ..എന്നാലും കുറച്ചു തടിചിട്ടുണ്ട് .

നായരേ,  അസംബന്ധമായി എന്തെങ്കിലും പ്രതേകിച്ചു പ്രാര്‍ഥിച്ചു തൊഴുവാനുണ്ടോ . സ്ത്രീകള്‍ പൂര്‍ണ്ണ സ്വരാജ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ നമ്മുക്ക്  ശരീരം തൊടാതെ പ്രസാദം കൊടുക്കാനുള്ളതാണ്.

നായര്‍ വില്ലുപോലെ  വളഞ്ഞു പൂജാരിയുടെ സമസ്താപരാധവും ഭഗവാനില്‍ ആരോപിച്ചു  . ഭഗവാനാകട്ടെ കേരള പോലിസിനെ ഭയന്നു കേസ്സുകെട്ടു   സി ബി ഐയെ ഏല്‍പ്പിച്ചു
.ഉച്ചപൂജ നേരത്തെ അവസാനിപ്പിച്ചു  മൂന്നാം ലോക രാഷ്ട്രങ്ങളുടെ ഉച്ചകോടി  ഹെയ്തിയില്‍ കൂടിയപ്പോള്‍  ആളുകള്‍ ലഞ്ചിനു പിരിഞ്ഞു..
സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങിയപ്പോള്‍  നായര്‍ സൈഡു കൊടുത്തു മാറിനിന്നു... വെള്ളച്ചിയുടെ കോലായില്‍  കുട ചാരി വച്ചു നായര്‍  പടിഞ്ഞാറ്റയില്‍ തന്നെ നീട്ടിത്തുപ്പി..
പ്രതിപക്ഷത്തിന്റെ  ബഹളം  കാരണം ഉറക്കം മുറിഞ്ഞു  ഭരണപക്ഷം സഭ വിട്ടിറങ്ങിപ്പോയി. ഭാരതത്തിന്റെ  അഹന്തയും  ഐക്യവും   ഊട്ടിയുറപ്പിക്കുവാന്‍   പാതയോരങ്ങളില്‍ കൂട്ടതല്ലു തുടങ്ങി .
തലേന്നാളത്തെ  ക്ഷീണം തീര്‍ക്കാന്‍  മുന്തിയ ഇനങ്ങള്‍ മേശമേല്‍ നിരന്നപ്പോള്‍ സോടക്കുപ്പിയിലായി  കയ്യാംകളി .
മുറ്റത്തെ  തുളസിത്തറയില്‍ മണ്ണെണ്ണയൊഴിച്ചു വെള്ളച്ചി  വിളക്ക്  വച്ചു. യുക്തിവാദികളായ രണ്ട് പാറ്റകള്‍ തീവ്രപക്ഷനിലപാടുകളുമായി
വിളക്കിനു നേരെ പറന്നടുത്തെങ്കിലും തന്ത്രി മയത്തിലവരെ പിന്തിരിപ്പിച്ചു.. കോടതിയലക്ഷ്യം പ്രമാണിച്ച്  ദേവസ്വം ബോര്‍ഡും  സാദാചോറിനു തന്നെ ഓര്‍ഡര്‍ നല്‍കി .

നാണിച്ചു നടന്നു വന്ന വെള്ളചിയെ  നായര്‍  പുച്ച്ചിച്ചു  തള്ളി...തള്ളലിന്റെ  ഊക്കില്‍ ട്രാക്കില്‍ വീണ യുവതിയെ നോക്കി സാക്ഷരകേരളം ആര്‍ത്തു ചിരിച്ചു. ചിരിച്ചു തീര്ന്നപോഴേക്കും
കേരള സര്‍ക്കാര്‍  മൂന്നു  ലക്ഷം രൂപ നാശനഷ്ടം  പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു .അടുത്ത ഇരയുടെ ഫ്ലാഷ്  ന്യൂസ്‌ തയ്യാറാക്കുന്നതിനിടയില്‍ ഒരു നാരങ്ങവെള്ളം ഓര്‍ഡര്‍ ചെയ്തു ദാഹവും  തീര്‍ത്തു

ഗ്രാമീണ ബാങ്കില്‍  നിന്നും ഓട്ടകാശിനു കടം വാങ്ങിയ പ്ലാസ്മ ടി വി ക്ക്  ചാവി കൊടുത്തപ്പോള്‍ ഐസ് ക്രീം കേസ്  നാട്ടില്‍ പാട്ടായി..
മടിയില്‍ കനം തൂങ്ങി കിടന്ന ആ പണ്ടാരത്തെ അന്ന്  പുറത്തെടുത്തപ്പോഴേ തോന്നിയതാ മൊഴി മാറ്റത്തിനു അവാര്‍ഡു കിട്ടുമെന്നു.
എന്നിട്ടും അണികള്‍ സമ്മതിച്ചില്ല . അവര്‍ എയര്പോര്ട്ട്  മൊത്തം വളഞ്ഞു മോന്തായത്തില്‍ കൊടിയും കെട്ടി.

ആമിര്‍ ഖാന്റെ സിനിമ തലയ്ക്കു പിടിച്ച മുറിയൌവനങ്ങള്‍  ഉറക്കെ മുദ്രാവാക്യം വിളിച്ചു
ബോലോ  മേരാ  ലഗാന്‍  ...
നായര്‍ക്കത്  രസിച്ചു ...
ലേകിന്‍ മേരാ ഷേര്‍ ..
------------------------------------------------------------------------------------
തുടരും ..........................
തുടരാതെ പറ്റില്ല

No comments: