Sunday, January 23, 2011

ചൊക്ക് - 3
പാതിരയായപ്പോള്‍ കോഴി കൂവി, നാരായണി എഴുന്നേല്‍ക്കാന്‍ മടിച്ചു.മുതലാളിത്ത തകര്‍ച്ച ആസന്നമാണെന്ന് കരുതി ഇത്ര നേരെത്തെ എഴുന്നെല്‍ക്കെണ്ടെന്നു കോട്ടുവായ സന്ദേശമയച്ചെങ്കിലും തമിഴറിയാവുന്ന കോഴികള്‍ സമ്മതിച്ചില്ല.അവറ്റകള്‍ പിന്നെയും കൂകി. നാലുമാസംമുന്പ് ഇതേപോലുള്ള ഒരു രാത്രിപടത്തിനിടയിലാണ് കോഴി കൂവിയത് , അന്നതിനെ കറിവച്ചു തിന്നു.

ചെറ്റയ്ക്ക് മുട്ട് കിട്ടാത്തത് കൊണ്ടോ എന്തോ മുന്‍വാതില്‍ നായര്‍സവാരിക്കുള്ള വീതിയില്‍ തുറന്നു കിടന്നു.
ഭര്‍ത്താവ് എഴുത്തുകാരനായതിനാല്‍ എന്നും പ്രാതല്‍ കോഴി തന്നെ.തീറ്റയുടെ കാര്യത്തിലെങ്കിലും അങ്ങേരു ഒരു ആട് ജീവിതമാണ്‌ നയിക്കുന്നത്...കണ്ടമാനം പുല്ലുണ്ടെങ്കിലും നക്കിയേ കുടിക്കൂ ,

അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ചെക്കുപോസ്റ്റു വഴി കടന്നു വന്നപ്പോള്‍ ബന്ധപെട്ട ഉദ്യോഗസ്ഥന്മാര്‍ ചീട്ടുകളിക്കുകയായിരുന്നു.
കഴിഞ്ഞ തവണ കൃതാവിനെ താടിയാക്കി ധനമന്ത്രി ആളുകളെ ഐസ്സാക്കിയതാണ്.
ഒറ്റതവണ തീര്‍പ്പാകിയാല്‍ പിന്നെ ബാക്കി തവണ ഭരിക്കേണ്ടിവരില്ല എന്ന പത്രപരസ്യം അറ്റ് ലസ്സ് ജ്വല്ലറിയുടെ ജനകോടികള്‍ക്ക് മുന്‍പില്‍ ഊമ്പിപ്പോയപ്പോള്‍ ഐസിന് കോലുമാത്രം ബാക്കി.

പെട്ടെന്ന് കിടപ്പറയില്‍ വെളിച്ചം വന്നു വീണു.ചാടിപ്പിടഞ്ഞു എഴുന്നേല്‍ക്കാന്‍ കണ്ണാടി വേണമെന്നായപ്പോഴാണ് നാരായണിക്ക് കമ്പരാമായണം പിടി കിട്ടിയത് .
നഗ്ന ശരീരം; കണ്ണാടിയില്‍ മാത്രമല്ല മുറിയിലാകെ പരന്നു കിടക്കുന്നു.
ഈശ്വരാ ...ഒരു തുണി പോലുമില്ല കണ്ടു പിടിക്കാന്‍ .അരിച്ചു പെറുക്കിയപ്പോള്‍ തേടിയ പാവാടവള്ളി കാലില്‍ ചുറ്റി. ഇത്തവണത്തെ ഓണത്തിന് ഈ അങ്കച്ചമയം വിപണിയിലിറക്കിയാല്‍ അറ്റാദായം സമുദായചാരപ്രകാരം പെരുന്നയ്ക്ക് പോകും .

രണ്ടു രൂപയ്ക്ക് അരിയുണ്ടെങ്കിലും ഓണത്തിന്റെ തിരക്ക് ബെവേരജസ്സില്‍ തന്നെ. അല്ലെങ്കിലും ഗോപാലേട്ടന്റെ പീടികയില്‍ തന്നെയാണ് എന്നും സീറ്റുവിഭജനവും ആള്‍ക്കൂട്ടവും. പാലും മുട്ടയും അല്പം കൃഷിയും പിന്നെ ആശാന്റെ നെഞ്ചിലെ രോമവും കൂടി ആകെ ഒരു ചേലുണ്ട് അത്രമാത്രം.

ഒന്നിച്ചുള്ള കുളി നായരുടെ കൂടെ വേണോ എന്ന മട്ടില്‍ ചിന്താവിഷ്ടയായ നാരായണി ജനലഴിയില്ലൂടെ ദൂരെ കായിക്കരയിലേക്ക് നോക്കി .
നിലാവും മണലും ചുണ്ണാമ്പ് പുരട്ടി രതിയുടെ നീലക്കയം കളിച്ച തീരപ്രദേശമാകെ ടിപ്പര്‍ലോറികള്‍ കീറി മുറിച്ചിരിക്കുന്നു .പഞ്ചായത്ത് കൊടുത്ത ലൈസന്‍സിന് വനിതാമെമ്പറും ഒപ്പിട്ടുകൊടുത്തു .

കുളിമുറിയില്‍ കയറിയപ്പോഴാണ് നാരായണി ശരീരത്തെ ആത്മീയമായി വിലയിരുത്തിയത്
സ്ത്രീയായി ജനിച്ചതും പോരാ , എവിടെയെല്ലാം സോപ്പിട്ടു തേക്കണം
സോപ്പാണെങ്കില്‍ നാണവും മാനവുമില്ലാത്ത ഒരു സ്റ്റാര്‍സിങ്ങര്‍ ജഡ്ജിംഗ് പാനലുപോലെ വടിവുതോറും മാര്‍ക്കിട്ടു കൊണ്ടിരുന്നു .പത വന്നാലും .മോളുടെ സംഗതി പോയില്ല

നായരെത്തിയപ്പോഴും നാരായണിയുടെ കുളി തെറ്റിയില്ല .തെറിച്ചു വീണ വെള്ളത്തുള്ളികള്‍ ജലദ്വൌര്‍ഭല്യം നടിച്ചു തിരിച്ചു കേറാന്‍ ശ്രമിച്ചപ്പോഴൊക്കെ ജപ്പാന്‍കുടി വെള്ളപദ്ധതി സദാചാരത്തിന്റെ പേരും പറഞ്ഞു വിലക്കികൊണ്ടിരുന്നു .

എടാ, അവളു കുളിച്ചു വെടിയാകുന്നതിനു മുന്‍പ് നമ്മള്‍ക്ക് ഓരോന്ന് അന്യോന്യം പറഞ്ഞാലോ.

ആയ്ക്കോട്ടെ. പൂജപ്പുര ജയിലിനെന്തിനാ പാറാവ്‌... ?

കുടിയുടെ ഏഴു വന്‍കര കയറി ശബരിമല താണ്ടി ജയമാലയിലെത്തി .വഴിക്ക് ലെനിന്റെ താടി കണ്ടപ്പോള്‍ വണ്ടി ചവിട്ടി നിര്‍ത്തി

എടാ... ഉള്ളിത്താടിയുണ്ടെന്നു കരുതി ലെനിനാവുമോ ?

കേരളത്തില്‍ രണ്ടു മുടിനാരുണ്ടായാല്‍ മതി സ്വത്വരാഷ്ട്രീയത്തിനും തിരക്കുണ്ടാവും .

എടാ അവളുടെ വല്ല ഉറിയിലും തപ്പി ഉറയുണ്ടെങ്കില്‍ എടുത്തു തയ്യാറാക്കൂ ...ഊതി പൊട്ടിക്കരുത്‌

നിങ്ങള്‍ ദുഫായി ദുഫായി എന്നു പറഞ്ഞതല്ലാതെ ദെയര ഫ്ലാറ്റിലോന്നും മലയാളമറിയില്ലെന്നു നടിച്ചു ലുങ്കി മാറ്റിയില്ലേ . സൗദി പോലെ .അവിടെയാണ് ശരിക്കും ഈ ഉറ.. അതിവിടെ സ്പോണ്‍സര്‍ ചെയ്യണ്ട. അമേരിക്കയില്‍ സായിപ്പന്മാര്‍ ഉപയോഗിച്ച് കളഞ്ഞത് ചൂയിങ്ങമായി ചവച്ചരച്ചു രസിക്കാതെ ഒരു നാടന്‍ ചക്ക വെട്ടി കാര്യം സാദിച്ചാലോ ?

ചക്കകുരുവിനെ പൊതിഞ്ഞു നിലക്കുന്ന പോണ്ടിയെ ഇടിച്ചിടിച്ചു പരത്തിയാല്‍ ഈ രാത്രി മകുടി ഊതി രസിക്കാം പിന്നെ , കുമാരേട്ടാ ...ന്നുള്ള ശീക്കാരവും കേള്‍ക്കാം .
അതുവേണ്ട , റോഡരികില്‍ തൊഴിലുറപ്പുകാര്‍ക്ക് ചെത്തികളിക്കാന്‍ ഇത്രയും പൊന്തയുള്ളപ്പോള്‍ നമ്മളുടെ പദയാത്ര യഥാവിധി വടക്കിന്നു തുടങ്ങട്ടെ .

ദാരിദ്ര്യത്തിന് ഒരു കോട്ടുവാ ഇടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത വിധം മേഘങ്ങള്‍ ചന്ദ്രനെ വളഞ്ഞു വച്ചിരിക്കുന്നു. സൂര്യനില്‍ നിന്നും കടം വാങ്ങിച്ച രാവെളിച്ചം ഭൂമിയെ പുതപ്പിച്ചപ്പോള്‍തന്നെ
ഉടുത്ത കൈലി മാടികെട്ടി കവികള്‍ പുറത്തിറങ്ങി . കൂടെ കുറുനരികളും . രാത്രിക്ക് ഒരു ചന്തം വേണ്ടേ എന്ന് കരുതി അവര്‍ നിര്‍ത്താതെ നിലവിളിച്ചു കൊണ്ടിരുന്നു. സര്‍വം സഹയായ ഭൂമിദേവി
അവര്‍ക്ക് ജ്ഞാനപീഠം വരെ ഓഫര്‍ ചെയ്തു . കവികള്‍ ചാരിയിരുന്നെങ്കിലും കുറുനരികളതു കുപ്പയിലെരിഞ്ഞു.

എടാ ..സ്വാതന്ത്യ സമര സേനാനികള്‍ സ്ഥിരം വന്നു കുടിക്കാറുള്ള ചായ്പ്പു ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു. നീയൊരു കാര്യം ചെയ്യ് ,
ഫ്രാന്‍സിസ് പുണ്യാളന്‍ കടപ്പുറത്ത് കൂടി നടെന്നെന്ന വിവരം ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്യ്‌ ...

ഏകാന്തതയുടെ നൂറു സംവത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാരായണി കുളിച്ചുവന്നു. മതിലിനപ്പുറത്തു നിന്നും മണം കിട്ടിയപ്പോള്‍ നായര്‍ ജയിലില്‍ നിന്നും ശേഖരിച്ചുവച്ച
ചുള്ളിക്കമ്പ് ജനാല വഴി പുറത്തേക്കിട്ടു സിഗ്നലു നല്‍കി .പുറം കടലില്‍ നങ്കൂരമിട്ടിരുന്ന അമേരിക്കന്‍ പായ്ക്കപ്പലുകള്‍ യുദ്ധകാഹളം മുഴക്കി.
ശക്തിമാന്‍ പൈപ്പ് സ്പോസര്‍ ചെയ്യുന്ന പാതിരാത്രി ഒന്ന് മുഴുവനുമാകാന്‍ വായനക്കാര്‍ ബഹളം കൂട്ടി തുടങ്ങി . സദാചാരബോധം തോളിലേറ്റി
കക്ഷം വിയര്ത്തിട്ടും ചിലര്‍ നിലത്തു വെയ്ക്കാന്‍ കൂട്ടാക്കിയില്ല. ലൈഗിക കാര്യങ്ങളില്‍ ശാസ്ത്രീയവും സാങ്കേതികവും ഇടപെട്ടെങ്കിലും പീയത്രോ ആര്ടിനീയെ
ഗീതകങ്ങള്‍ അവര്‍ നിരാകരിച്ചു .മറ്റു പുസ്തകങ്ങള്‍ ഒളിപ്പിച്ചു വായിച്ചു.

കേരളത്തിന്റെ വളര്‍ച്ച മുന്‍പില്‍ കണ്ടു കുളിച്ചോരുങ്ങിയ നാരായണിയെ എക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം വാദിച്ചു. കയ്യാമം വേച്ചു നടത്തിക്കുമെന്നും മുഖ്യമന്ത്രിയും.
സ്പീക്കരാവട്ടെ ദേശിയ പതാക തിരിച്ചു കെട്ടുന്നതിനിടയില്‍ റൂള്‍ എടുക്കാനും മറന്നു .

കിടക്കയില്‍ ഒരു വിവാദവിഷയമായി നാരായണി മലര്‍ന്നു കിടന്നു. അട്ടത്ത് നോക്കിയപ്പോള്‍ എക്കോ ഫെമിനിസം തലയ്ക്കു പിടിച്ച പരിസ്ഥിതി വാദിയായ ഒരു പല്ലി ചിലച്ചു പറഞ്ഞു
സ്ത്രീയെ അടിച്ചമര്‍ത്താനുള്ള പ്രാകൃതഗോത്രസമ്പ്രദായം നായന്മാര്‍ എന്നും തുടരും ..ദെക്കാര്ടു പറഞ്ഞ പോലെ യുക്തി കൊണ്ട് ആണിനെ കീഴ്പെടുത്തണം .Respect the fraility of the earth.
ആറാം ക്ലാസില്‍ കഥകളി മാഷുടെ കീഴ്പടം കടിച്ചു ശീലിച്ച നാരായണി ചിലച്ചില്ല ".commiitment to the customer'

എഴുപതുകളില്‍ സിനിമ കണ്ടു ശീലമാക്കിയവര്‍ ഈ രംഗം മടുക്കില്ലെന്നറിയാം. രതിനിര്‍വേദത്തിന്റെ ഔടിററ് സെക്ഷനില്‍ സൂചിയുമായി വന്നു തിരക്കു കൂട്ടിയവര്‍ക്കിടയിലൂടെ നായര്‍ കിടക്കയില്‍
വന്നു വീണു . സെന്‍സര്‍ ബോര്‍ഡില്‍ നിന്നും വന്ന രണ്ടു വയസ്സന്മാര്‍ തുപ്പലുമിറക്കി കട്ടിലിനുചുറ്റും പാഞ്ഞു നടന്നു .ഇക്കാലത്ത് നവരസങ്ങള്‍ ഏഴെണ്ണമെടുക്കാന്‍ ഉണ്ടാവില്ല

ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ വന്ന തോണികള്‍ തയ്യാറായി. ഏതാദ്യം പിടിക്കണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം .തര്‍ക്കം മൂത്തെങ്കിലും ചാണ്ടിസാറുടെ യാത്ര ഒരാളുമറിഞ്ഞില്ല .

വികാര നിര്‍വൃതിയില്‍ മുകളില്‍ റിവേര്സില്‍ കറക്കം തുടങ്ങിയ ഫാനില്‍ നോക്കി നാരായണി വിളിച്ചു .

നായരേ ....
നാരായണീ ...
അത്രമാത്രം.... എരഡു ബര്പ്പു, എരഡു യെസരു ,*" എന്നാല്‍ ആ വാക്കുകളില്‍ ദീര്‍ഘവും ചതുരവും പുള്ളിക്കുത്തുമുള്ള സംഭാഷണപരമ്പരകള്‍ അടങ്ങിയതായി കിതപ്പുല്‍പ്പാദിക്കുന്നതിനിടയില്‍ നാരായണി ഓര്‍ത്തു .

തുടരും ....

എരഡു ബര്പ്പു, എരഡു യെസരു ,*" ( രണ്ട് വാക്കുകള്‍ ; രണ്ടു പേരുകള്‍ )

Friday, January 14, 2011

വീട്ടിലേക്കുള്ള വഴി: ഡോക്ടര്‍ ബിജുവിന്

ഫെസ്റ്റിവല്‍ ഡയറി - രണ്ടാം ഭാഗം

ഒരിക്കല്‍ വിരണ്ടോടിയ ജനക്കൂട്ടം തിരിച്ചെത്തിയിരിക്കുന്നു.
പാരീസിലെ ഗ്രാന്റ് കഫേയിലെ തിരശീലയില്‍ തീവണ്ടിയുടെ നിശബ്ദ ചിത്രം കണ്ടു പിന്തിരിഞ്ഞോടിയവരുടെ
പിന്മുറക്കാര്‍ തര്‍ക്കോവ്സ്കിയോട് തര്‍ക്കിക്കുന്നതും ഗൊദാര്ദി ന്റെയും ബുനുവലിന്റെയും സിനിമകളെ കുറച്ചു കൂടി നന്നാക്കാമായിരുന്നില്ലെയെന്നതും സ്ഥിരം ശീലമാക്കിയിരിക്കുന്നു.
ഗ്രിഫിത്തിനെയും മോണ്ടാഷിനെയും ഒരു കാലത്ത് ഭല്സിച്ചിരുന്നവരുടെ ഉച്ചാരണശുദ്ധി കുറെ കൂടി ഭേദപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം സ്ഥിരം വേദിയായതിനുശേഷം സെക്രട്ടറിയെറ്റിനും സന്തുഷ്ടിയുണ്ട് . കണ്ടിരിക്കുന്നതും കേട്ടിരിക്കുന്നതും ശീലമാക്കാത്തത് രാഷ്ട്രീയക്കാരുടെ കുറ്റമല്ലല്ലോ.


മങ്കടയെ ഓര്‍മ്മിച്ചു കൊണ്ട് സ്വയംവരവും അടൂര്‍ പങ്കജത്തിനു സ്മരണാഞ്ജലിയായി ചെമ്മീനും കാണികള്‍ക്ക് സമര്‍പ്പിച്ചു .
ചെമ്മീനെ ഓര്‍ക്കാന്‍ ഒട്ടേറെയുണ്ട് കാരണങ്ങള്‍ . ഇന്ത്യയിലെയും വിദേശത്തെയും മഹാരഥന്‍മാര്‍ സമ്മേളിച്ചോരുക്കിയാതാണാ കടപ്പുറം .
കാര്യാട്ടിനെ ഓര്‍മ്മിച്ചു അരവിന്ദേട്ടനും ഞാനും കുട്ടികള്‍ക്കെങ്കിലും പേരിട്ടു.. എന്നിരുന്നാലും എനിക്ക് ചെമ്മീന്‍ ഋഷികേഷ് മുഖര്‍ജിയാണ്. പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ ഹിന്ദി ചിത്രങ്ങള്‍ പ്രത്യേകിച്ചും. വെറും എഡിറ്റിംഗ് ആയിരിക്കുമോ മുഖര്‍ജിക്ക് ചെമ്മീന്‍ ?
സാഹിത്യവും സിനിമയും തമ്മിലുള്ള മല്‍പിടുത്തം നമ്മള്‍ ഒട്ടനവധി ആസ്വദിച്ചെങ്കിലും അവര്‍ ഇപ്പോഴും പിടുത്തം വിടാന്‍ തയ്യാറായിട്ടില്ല.ഒടുവില്‍ അടൂരും കറിയാച്ചനും ഇപ്പോള്‍ ഇതാ നന്ദകുമാറും വിജയസൂത്രവും തമ്മില്‍.
ചെമ്മീന്‍ കണ്ടിറങ്ങിയപ്പോള്‍ ഇത് കലശലായി . നോവലാണോ അതോ സിനിമയോ...

ഒരിക്കല്‍ ഒരു യജമാനന്‍ തന്റെ പട്ടിയെയും കൂട്ടി സിനിമയ്ക്കുപോയി .
"ചെമ്മീന്‍ " ആണ് കളിക്കുന്നത്. അവര്‍ രണ്ടു ബാല്‍ക്കണി ടിക്കെറ്റെടുത്ത് ഹാളില്‍ ഇരുന്നു സാകൂതം സിനിമ വീക്ഷിക്കാന്‍ തുടങ്ങി....
പട്ടിയാവട്ടെ യാതൊരുവിധ പട്ടിചേഷ്ടകളുമില്ലാതെ , ആര്‍ക്കും ആലോസരമുണ്ടാക്കാതെ സിനിമയില്‍ തന്നെ ലയിച്ചിരുന്നു.
ആള്‍ക്കാര്‍ക്ക് ;അത്ഭുതം , പഹലീ ബാര്‍ , അതും ഒരു പട്ടി മനുഷ്യനെ പോലെ സിനിമ കാണുന്നു. അതിശയം ......
സിനിമ തീര്‍ന്നപ്പോള്‍ ആള്‍ക്കാര്‍ യജമാനനെയും പട്ടിയെയും വളഞ്ഞു,
" സാര്‍, ഞങ്ങളാദ്യമായാണ് ഒരു പട്ടി , അതും വെറും ഒരു പട്ടി , പോട്ടെ ടിക്കറ്റും എടുത്തു , ഇങ്ങിനെ സിനിമ കാണുന്നത്.. എന്താണ് ഇതിന്റെ രഹസ്യം"
യജമാനന്‍ പട്ടിയെ ഓമനിച്ചു കൊണ്ട് പറഞ്ഞു :
"ഇതില്‍ രഹസ്യമൊന്നുമില്ല, കൈസറിനു നോവല്‍ അത്ര ഇഷ്ടപ്പെട്ടില്ല !!!!"""

ആദരാഞ്ജലി വിഭാഗീയതയിലല്ലെങ്കിലും ഓര്‍ക്കാന്‍ എനിക്കും ഒരു സിനിമ കിട്ടി.
മലയാള സിനിമയുടെ നട്ടുച്ച വിഭാഗത്തില്‍ ജോണിന്റെ അമ്മ അറിയാന്‍.
പെടാപ്പാട് പെടുന്ന ജോയേട്ടനെ ഓര്‍ത്തും പിന്നെ ജോണിന്റെ ഇക്കഥയോര്‍ത്തും.

ഒരിക്കല്‍ ജോണ്‍ അബ്രഹാം പ്രേംനസീറിന്റെ മാളികയിലേക്ക് കയറിച്ചെന്നു.
ജോണ്‍ , രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും അവാര്‍ഡൊക്കെ വാങ്ങി ഇന്ത്യന്‍ നവസിനിമയുടെ പ്രായേക്താവായി അരങ്ങു വാഴുന്ന കാലം.
പ്രേം നസീറാവട്ടെ, 1000 -ലധികം സിനിമയില്‍ മരമൊക്കെ ചുറ്റി എങ്ങിനെയെങ്കിലും ഒരു അവാര്‍ഡു സിനിമയില്‍ കൂടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന കാലവും . കാണേണ്ടവര്‍ കാണുന്നു...
നസീര്‍ വര്‍ധിച്ച സന്തോഷത്തോടെ ജോണിനെ സ്വീകരിച്ചിരുത്തി , കുശലവിശേഷങ്ങള്‍ അന്വേഷിച്ചു.
അപൂര്‍വമായി മാത്രം കാണാവുന്ന ഒരു കുപ്പിയില്‍ നിന്നും നിറമില്ലാത്ത ഒരു ദ്രാവകം നസീര്‍ , വളരെ കുറച്ചു ജോണിന് പകര്‍ന്നു കൊടുത്തു.
ജോണ്‍ നാണത്തോടെ , ആ "സംസം വെള്ളം" വോഡ് ക്കയാണെന്നു വിചാരിച്ചു ഒറ്റസിപ്പിലടിച്ചു ചിറിതുടച്ചു...
"മിസ്റ്റര്‍ പ്രേം നസീര്‍ " ഘന ഗംഭീര ശബ്ദത്തില്‍ ജോണ്‍ തുടങ്ങി..."ഞാന്‍ വന്നത് , താങ്കളെ വച്ച് ഒരു സിനിമ എടുക്കുന്ന കാര്യം ആലോചിക്കാനാണ് "
വൈദ്യന്‍ വന്നതും രോഗി ആശിച്ചതും ഒന്നേ ഒന്ന്..
നസീറിനു ആഹ്ലാദം പെരുത്തു, " എത്ര ദിവസത്തിന്റെ കാള്‍ ഷീറ്റ്‌ വേണ്ടി വരും "

ജോണ്‍ പറഞ്ഞു ' ഒരേ ഒരു ദിവസം മാത്രം മതി "
നസീര്‍ ഞെട്ടി , ജോണ്‍ അല്ലെ.. ചിലപ്പോള്‍ ഒറ്റ ദിവസം മതിയായിരിക്കും...
"ഓകെ ഓകെ , എന്താണ് ജോണ്‍ കഥ ?"
"കഥാ ...ഒരു ഡിക്ടറ്റീവ് സ്റ്റോറി. മിസ്റ്റര്‍ നസീറാണ് അതിലെ ഡിക്ടറ്റീവ് നായകന്‍ ,"
നസീറിനു സന്തോഷായി.. എന്നാലും ജോണെ, ഒറ്റ ദിവസം കൊണ്ട് തീരുമോ ?
" തീര്‍ച്ചയായും മിസ്റ്റര്‍ നസീര്‍.." ജോണ്‍ തുടര്ന്നു...
" സിനിമ തുടങ്ങുമ്പോള്‍ ഡിക്ടറ്റീവ് ആയ താങ്കള്‍ ഒരു മുഖംമൂടി ധരിക്കുന്നു...തീരുന്നതിനു മുന്‍പ് അങ്ങു മുഖം മൂടി ഊരിമാറ്റുന്നു ..
ബാക്കിയൊക്കെ ഞാന്‍ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിച്ചോളാം..


ആറാം ക്ലാസ്സിലെ ടി. ഡി. ദാസനെ തോല്‍പ്പിച്ച് കൊളംബിയന്‍ കാര്‍ലോസ് ഗവിരിയ സംവിധാനം ചെയ്ത 'Portraits in a Sea of Lies',നുള്ള സുവര്‍ണ്ണ ചകോരം മന്ത്രി ബേബി കൊടുത്തപ്പോള്‍ മാത്രമാണ് മറ്റുള്ള മന്ത്രിമാര്‍ക്ക് അത് സിനിമയാണെന്ന് മനസ്സിലായത്‌. അവസാനമായിട്ടും പോകാതിരുന്ന ഡോക്ടര്‍ ബിജുവിന് ബാക്കിയുണ്ടായിരുന്ന അവാര്‍ഡും കൊടുത്തു. വീട്ടിലേക്കുള്ള വഴി.

കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?

ഫെസ്റ്റിവല്‍ ഡയറി - ഒന്ന്

ഫലിതപ്രിയനും ഫോട്ടോഗ്രാഫറുമായ മുത്തലിയായിരുന്നു ഇത്തവണ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവല്‍ താരം.ബാഗ് നിറയെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങുമായി ദുബായില്‍ നിന്നും പറന്നെത്തിയ മുത്തലിയെ ആളുകള്‍ പൊതിഞ്ഞു പ്രകീര്‍ത്തിച്ചു.

ലയണല്‍ റിച്ചി പാറപ്പുറത്ത് പാടിയപോലെ കാണുന്നതെല്ലാം ക്യാമറകാഴ്ചകള്‍. അഞ്ചാം തവണയാണ് തിരുവനന്തപുരതോട്ട് പോകുന്നത്.പോയതും,തവണകളും ഓര്‍മയുണ്ട്.തിരിച്ചു എങ്ങിനെ എത്തി എന്നതിനെ കുറിച്ച് യാതൊരു തിട്ടവുമില്ല. എഴുത്തുകാരും അതില്‍ തോറ്റ് തൊപ്പിയിട്ട മാധ്യമ പ്രവര്‍ത്തകരും പേ പിടിച്ചു പായുന്ന നാടല്ലേ, ശമ്പളദിവസം രാവിലെ മൂന്നര മണിക്കൂര്‍ മാത്രമാണ് ഇവര്‍ ഡീസന്റ് ആകുന്നത്‌.എന്നാല്‍ ഇത്തവണ എന്നെ ഭദ്രമായി തിരിച്ചെത്തിക്കാന്‍ ശശി മാഷ്‌ കൂടെയുണ്ട്.


ദിവസവും അഞ്ചു സിനിമയും കണ്ടേ അടങ്ങൂ എന്ന വാശിയിയില്‍ പരക്കം പായുന്നവര്‍
നാല് സിനിമയും ഒരല്പം നീന്തലുമെന്നു വാശി പിടിക്കുന്നവര്‍..
പരീക്ഷാഹാള് വിട്ടു എഴുതിയത് ശരി തന്നെയെന്നു ഫെസ്ടിവല്‍ ഹാന്‍ഡ് ബുക്ക്‌ നോക്കി അടുത്ത സിനിമക്ക് ഓട്ടോ പിടിക്കുന്നവര്‍.


ദിവസവും നാട്ടില്‍ കാണുന്നവര്‍ ഫെസ്റ്റിവല്‍ ആയതു കൊണ്ട് മാത്രം കണ്ടാലും മിണ്ടാത്തവര്‍
സിനിമ ഹാളിനു പുറത്തു സിനിമയെ നേരെയാക്കാന്‍ നടക്കുന്നവരുടെ വേലകള്‍, വേലപ്പന്റെ നാട്ടിലെ അന്താരാഷ്ട്രാ സിനിമാ ഉത്സവം.

താടിയും മുടിയും നീട്ടി വളര്‍ത്തി ബാഗും തൂക്കിയ ജോണിന്റെ പേക്കോലങ്ങള്‍ തീരെയില്ല. പകരം പുതിയ വേഷങ്ങള്‍ എമ്പാടും പല മട്ടിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കാഴ്ച്ചയുടെ ഈ പുതിയ അംശക്കാര്‍ സിനിമയെ എങ്ങിനെ സമീപിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ടായി. എങ്ങിനെയും സമീപിക്കുന്നില്ലെന്നും ഈ പണ്ടാരം തിന്നു തീര്‍ത്താല് അടുത്ത വേദികളില്‍ ബാഡ്ജും കഴുത്തില്‍ തൂക്കി നടക്കാമെന്ന് നിശ്ചയിച്ചു ഉറപ്പിച്ചവര്‍ ..........

മൂന്നു സിനിമ കണ്ടു കണ്ണു മഞ്ഞളിച്ചു പുറത്തിറങ്ങിയപ്പോഴാണ് വത്സന്‍ മാഷുടെ വീര്‍ത്ത തുണി സഞ്ചി കണ്ടത്. ഡീഗോ ഫ്രായ്ടിന്റെ ''വീഞ്ഞ്'' വേദനയോടെ ഒഴിവാക്കി ഭീമാപള്ളി വരെ പോയതാണ് അദ്ദേഹം.കൂടെ കൊണ്ട് വന്ന ബാബു അന്നൂരിന്റെ കയ്യിലുമുണ്ട് ഒരു കറുത്ത ഡ്യൂട്ടി ഫ്രീ സഞ്ചി. മീന്‍ മേടിക്കാന്‍ ചാല വരെ വരണോ എന്ന് കാപ്പിരി ഭാഷയില്‍ ചോദ്യം ചെയ്തു.

സ്വതസിദ്ധമായ സീരിയസ് റോളില്‍ വത്സന്‍ മാഷ്‌ ആവേശം കൊണ്ടു.
ക്രിസ്ത്യന് യീമെനീസിനെയും കിട്ടി ,ബെല്‍മബാസ്സിനെയും കിട്ടി. മൈ ബെസ്റ്റ് ഫ്രണ്ടും,ഫാസ് ബിന്ദ്രരുംഅടക്കം പത്തു പതിനാലു ഫെസ്ടിവല്‍ സിനിമകള്‍ വേറെ കിട്ടി. നീ കൂടി ഒന്ന് പോയി വാ ജയാ..


------------------------------------------------------------------------------


പള്ളിയായത് കൊണ്ടു മുത്തലിക്കത് കണ്ടു പിടിക്കാന്‍ ലേശം ബുദ്ധിമുട്ടി.അങ്ങോട്ട്‌ മിങ്ങോട്ടുമുള്ള യാത്രാക്കൂലിക്കു പുറമേ ''യന്തിരന്റെ'' പുതിയ ഡി വി ഡി യും തരാമെന്നു പറഞ്ഞു മുത്തലി ഡ്രൈവറെ ചാക്കിട്ടു തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ മൊഴിഞ്ഞു, യന്തിരനെ സാറ് കയ്യില്‍ വച്ചോ താര്‍ക്കോവിസ്കിയുടെ സാക്രിഫൈസോ,ആന്ദ്രെ റുബ്ലോവോ മേടിച്ചു തന്നാല്‍ ഞാന്‍ കൊണ്ടു വിടാം.അതു തീര്‍ന്നെങ്കില്‍ സ്റ്റാക്കറോ മിററോ ആയാലും മതി.


''എതോരാനന്ദത്തിലും ഉണ്ട് ഇത്തിരി ബലി'' (സാക്രിഫിസ്') കവിത -കെ .ജി .എസ് .


ഹറാമായ സിനിമകളും പാട്ട് സി. ഡി കളും പള്ളിക്ക് ചുറ്റും നിരത്തി വില്‍ക്കുന്നു.ഇന്നലെ ഇറങ്ങിയ ഹോളിവുഡും നാളെ ഇറങ്ങുന്ന മലയാളവുമുണ്ട്.മീന്‍ ചന്ത പോലെ തിരക്കും ആര്‍പ്പുവിളിയും.ഋഷിരാജ് സിംഗ് കണ്ടില്ലെന്നു നടിച്ച വാണിജ്യ കേന്ദ്രം.കാറല്‍ മാര്‍ക്സ് കാണാത്തതും ഋഷിരാജ് സിംഗ് കണ്ടില്ലെന്നു നടിച്ചതുമായ കല സിനിമയാനെന്നതിനു ഭീമ പള്ളിക്കാര്‍ക്ക് യാതൊരു തര്‍ക്കവുമില്ല.

നൂറു കണക്കിന് സി ഡി കടകള്‍,കൈരളിയിലും കലാഭവനിലും ബാട്ജു തൂക്കി കണ്ട അതെ മുഖങ്ങള്‍..
കിം കി ഡുക്കിനു വേണ്ടി അമോസ് ഗിഥായിക്ക് വേണ്ടി, അലന്‍ റെനേക്ക് വേണ്ടി , വാവിട്ടു നിലവിളിക്കുന്നു.

മുത്തലിയാണെങ്കില്‍ ചിരപരിചിതനെപോലെ റോമന്‍ പോളന്‍സ്കിയുടെ ബിറ്റര്‍ മൂണും,ചൈന ഗേറ്റും തിരഞ്ഞെടുത്തു. പോളണ്ടിലെ പുതിയ രാഷ്ട്രീയ സിനിമകളെ കുറിച്ച് കാസറ്റു വില്പനക്കാരുമായി ചര്‍ച്ചക്കൊരുമ്പെടുന്നു. ബുനുവലില്‍ തുടങ്ങി പ്രിയനന്ദനിലും അവസാനിക്കാത്ത അനന്തമായ കഥാസാഗരം. ജാഫര്‍ പനഹിയും ഫ്ലോറിയന്‍ ഹെങ്കലും വരെ വന്നു ബീമാപള്ളിയില്‍!
ഫിലിം ഫസ്ടിവലില്‍ ലോകസിനിമയുടെ ചര്‍ച്ച കൊണ്ടു വരാന്‍ വെസ്റ്റ്‌ ജര്‍മനിയില്‍ നിന്നും വെര്‍ണറെ കിട്ടിയില്ലെങ്കില്‍ ഒന്ന് നമുക്ക് ഭീമാപള്ളി വരെ പോകാം, കാസറ്റ് കടക്കാരനെ പിടിക്കാന്‍ക്കാന്‍!!

ഇക്കൊല്ലം മലയാളത്തിന്റെ സ്വന്തം സൂപര്‍ സ്റ്റാറായ ഹെര്‍സോഗിന്റെ സിനിമ കാണാന്‍ ആര്‍ത്തലച്ചു വന്നവരിലെ ചില തടിയന്മാരെയും താടിക്കാരെയും പിടികിട്ടി. രഞ്ജിത്ത് കമല്‍, ലാല്‍ ജോസ്, അമ്പിളി, പിന്നെയുമുണ്ടായിരുന്നു വിശിഷ്ട വ്യക്തികള്‍.

ഇവരോടെല്ലാം ഒന്നേ ചോദിക്കാനുള്ളൂ..

''എന്താ ചേട്ടന്മാരുടെ അടുത്ത ഐറ്റം?സാമാന്യം ആളുകള്‍ പോയി ആസ്വദിച്ചിരുന്ന മലയാള സിനിമാ തീയറ്ററുകളൊക്കെ തമിഴന്റെയും തെലുങ്കന്റെയും തൊഴുത്തില്‍ കെട്ടിയ നിങ്ങളുടെ അടുത്ത മാസ്റെര്‍പീസുകള്‍ എന്തൊക്കെയാണ്?
''പറയാം ഈ മത്സര സിനിമയില്‍ ഒന്ന് തപ്പിക്കോട്ടെ ''

ചൊക്ക്

ഇന്നലെ രാത്രി നന്നായി മഴ പെയ്തു.

കുടയെടുത്തതിനാല്‍ ഇടിയും മിന്നലും വന്നില്ല.

സാഹിത്യ സമ്മേളനത്തില്‍ ദിവസവും രാവിലെ പോകേണ്ടി വരുന്നതിനാല്‍ ഇന്നും പ്രാതല്‍ കോഴി തന്നെ. കഴികേണ്ടന്നു കരുതി, രണ്ടു പൂളു വായിലിട്ടു. പിന്നെ ചിറകു വിടര്‍ത്തി, ഞെളിഞ്ഞു നിന്നു, നെഞ്ച് കൂടമര്‍ത്തി ഉറക്കെ കൂവി. അല്പം കഫം കലര്‍ന്ന തുപ്പല്‍ ഉള്ളം കൈയ്യില്‍ അടച്ചു വെച്ചു. ലാപ്ടോപി ന്‍റെ ഒഴിഞ്ഞ ബാഗില്‍ പത്മനാഭന്‍റെ പ്രിയപ്പെട്ട കഥകളുമിട്ടു കാഞ്ചി വലിച്ചു. രണ്ടു ബുള്ളറ്റെടുത്തിടാനും മറന്നില്ല. അഞ്ചാണെന്നു ചെന്നൈ ലേഖകന്‍.

ബസ് സ്റ്റോപ്പിലെത്തുന്നതിനു മുമ്പേ സംഘാടകര്‍ പറഞ്ഞയച്ച സാധനം പാഞ്ഞുപോയിരുന്നു. കേന്ദ്രം വിലക്കിയ സംസ്ഥാനത്തിന്‍റെ ചില്ലടര്‍ന്ന ബസ്സില്‍ കയറാതെ ഓട്ടോ പത്തുരൂപ സ്പീഡിലൊതുക്കി സ്റ്റേഷനിലേക്ക് കുതിച്ചു.

പാവം തീറ്റ കിട്ടുന്ന പശു അന്നെത്താന്‍ അറുപതു മിനുറ്റു വൈകും, തീറ്റതുടങ്ങി കുറ്റിത്തലയായ പശു തൊട്ടടുത്ത തൊടിയില്‍ ഷണ്‍ഡിങ്ങിനും കോഷനുമിടയില്‍ അയവെട്ടി വിശ്രമിക്കുകയത്രേ. ഇംഗ്ലീഷ് വറുത്തു വില്‍ക്കുന്ന ലണ്ടനിലെ കുട്ടികള്‍ക്ക് മാര്‍ഗ്ഗദര്‍ശി പ്രബന്ധമവതരിപ്പിച്ചു ഒരു ചാക്ക് കാലി തീറ്റയുമായി മടങ്ങും. എന്നിരുന്നാലും സ്റ്റേഷനില്‍ നിരവധി ആളുകള്‍ മിനിറ്റു വച്ചു ചായ കുടിച്ചു കൊണ്ടിരുന്നു. അമേരിക്കയില്‍ നടക്കുന്ന മാതിരി.

ഇസ്ലാമിക സാഹിത്യം അട്ടിതൂക്കിയിട്ടിരിക്കുന്ന പുസ്തകശാലയില്‍ അന്നു തീരാത്തതായി ദേശാഭിമാനി മാത്രം. കോയമ്പത്തൂര്‍ സമ്മേളനം തുടങ്ങിയപ്പോള്‍ കുപ്പിവെള്ളത്തിന് വില കൂടി. ഊറിച്ചിരിക്കാന്‍ ഉള്ളിതാടിമാത്രം അവശേഷിച്ച ഗ്രന്ഥകാരന്‍ ഇരയെത്തേടി പുറപ്പെട്ടുവെന്ന് തോന്നുന്നു. വിരശല്യമുള്ളതിനാല്‍ പിന്നീടവിടെ നിന്നില്ല.

ഉച്ചയൂണിനു ശേഷം സ്ഥിരമായി ഉറക്കം വരാറുള്ള കുറച്ചു പെണ്ണുങ്ങള്‍ പ്ലാറ്റുഫോമിലൂടെ ഉലാത്തികൊണ്ടിരുന്നു. ഒരെണ്ണത്തിനെ കിട്ടിയിരുന്നെങ്കില്‍ ഇത്തവണത്തെ ഓണം അടിച്ചു പൊളിക്കാമായിരുന്നു.

കഴിഞ്ഞ തവണ ഇതേപോലരു യാത്രാമൊഴിയിലായിരുന്നു ചുള്ളിക്കാട് പാടിയിരുന്നത്. ഒഴിഞ്ഞ ബഞ്ചില്‍ മോഹിനിയെ കണ്ടു. മോഹിനിയാണെങ്കില്‍ എന്ത് വായിച്ചാലും എസ്.എം.എസ് ചെയ്യും.അല്ലാത്തപ്പം മിസ്‌ കോള്. പാവാട പ്രായത്തില്‍ നിന്നെ കണ്ടപ്പോള്‍ മോഹിനിക്കുവേണ്ടി എഴുതിയതാണെന്ന് തോന്നും.

പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നും വീശിയടിച്ച കാറ്റില്‍ ചുവപ്പ് തുണികള്‍ ഇളകിക്കൊണ്ടിരുന്നു. വഴിനീളെ സ്വീകരണം ഏറ്റുവാങ്ങി ശരീരം മെച്ചപ്പെട്ടു. ട്രാക്കിന്‍റെ പോഷകസമ്പുഷ്ടമായ അവശേഷിപ്പുകളില്‍ കണ്ണുകൊടുകാതെ മോഹിനി, ആഷാറാണിയുടെ പച്ചകത്തുടിപ്പുകള്‍ വായിച്ചുത്തീര്‍ത്തിരുന്നു. കാമത്തിന്‍റെ ഹോട്ടലിലെ ഇഡ്ഡ്ലിയേക്കാള്‍ ബഹുരസമായിരുന്നു ആഷാറാണിയുടെ വായനാസുഖം.

ഒഴിഞ്ഞ ബെഞ്ചില്‍ മോഹിനി നീക്കിവെച്ച സ്ഥലത്ത് നിറയെ അപ്പിയിട്ടിട്ടുണ്ടായിരുന്നു. ഉച്ചകഞ്ഞി വിതരണത്തിലെ അപാകത റെയില്‍വേ മന്ത്രാലയം അറിഞ്ഞ മട്ടില്ല. തരിശു നിലം കൃഷിഭൂമിയാക്കണമെന്നു നിലവിളിയുയരുന്ന ഇക്കാലത്തുപോലും.


"ഹലോ മോഹിനി" എന്ന് പറഞ്ഞു ബാക്കി സ്ഥലത്തിന്‍റെ ടോക്കണ്‍ കൊടുത്തു അടിയാധാരം എന്‍റെ പേരിലാക്കി. എന്നിട്ട് കൊച്ചുങ്ങളെ വഴിതെറ്റിക്കുന്ന അധ്യാപകനെ ധ്യാനിച്ചു ഞാനവളെ ഗൂഢമായി നോക്കി. അവള്‍ ചിരിച്ചുദീര്‍ഘവൃത്തം പോലെ പതവരുത്തി.

"മോഹിനിയെങ്ങോട്ടാ? തെക്കോ വടക്കോ?"

പിന്നങ്ങോട്ട് മോഹിനി ചിരിച്ചില്ല.

"രണ്ടടിച്ചാല്‍ തെക്ക്, മൂന്നടിച്ചാല്‍ വടക്ക്"

പാളം തെറ്റി ഓടികൊണ്ടിരിക്കുന്ന ഒരു ഗുഡ്സ് വണ്ടി ഞങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി പാഞ്ഞു പോയി. പാണക്കാട്ടെക്കാവും.

പാനിപ്പത്ത് യുദ്ധം കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന ഒരു സംഘം പട്ടാളക്കാര്‍ ഞങ്ങളെ നോക്കി വെള്ളമിറക്കി. കൂടെ പാഞ്ഞു പോയ കാറ്റിനു ഹെര്‍ക്കുലിസ് റമ്മിന്‍റെ ത്രീ എക്സ് മണം.

ബ്രേയ്ക്കിനു ശേഷം ഉദ്യാനപാലകന്‍ മോഹിനിയിലേക്ക് തിരിച്ചെത്തി.

"കുളിക്കാന്‍ തോര്‍ത്ത്‌ കൊണ്ട് വന്നിട്ടുണ്ടോ?"

മോഹിനിക്കത് പിടിച്ചു. അവള്‍ ദിനോസര്‍ വായിച്ചിട്ട് കുറ്റം പറഞ്ഞു.

"മാഷുടെ ഒരു തമാശ! മേശവിരി പോരെ"

ഹോട്ടലിന്‍റെ മുറ്റം നിറയെ ആളുകളെ കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. മുറി ഒഴിവുണ്ടോ എന്തോ? ഇപ്പം വരാമെന്ന് പറഞ്ഞു ഒരു കെയ്സ് തണുപ്പിച്ച ബിയര്‍ മൂന്നാം നിലയിലേക്ക് പറന്നു പൊങ്ങി.

നൂറുരൂപയുടെ പറക്കുന്ന നോട്ടില്‍ റിസപ്ഷനിസ്റ്റ് ഗാന്ധിയുടെ ചിത്രം പരതി.

"വ്യാജനല്ല, സര്‍ദ്ദാരിക്ക് വേറെ പണി കിട്ടി."

"ലഗ്ഗെജില്ലേ സര്‍" കൊലുന്നനെയുള്ള ഒരു എലുമ്പന്‍ പിന്നില്‍ നിന്നും മോഹിനിക്ക് ചന്തി ചൊറിഞ്ഞ് കൊടുത്തു. ഞാന്‍ പറഞ്ഞു. : എന്നാലത് പിടിച്ചോ"


മുല്ലപ്പൂക്കള്‍ കൊണ്ടലങ്കരിച്ച കിടക്കവിരികളില്‍ തലേന്നത്തെതായി ഒന്നുമുണ്ടായിരുന്നില്ല. മുറച്ചെറുക്കനായത് കൊണ്ട് ഉറ ഉപയോഗിചിരികണം. പാല്, വിവാഹം, മരണം എന്നിവയെ മാത്രം ഒഴിവാക്കി. പത്രം വന്നതുമില്ല.

ഹോട്ടലിലെത്തി കിടക്കവരെ തുടങ്ങിയപ്പോഴും തീവണ്ടി കൂകിയെത്തി. ഇന്നത്തെ കാലത്ത് നവരസങ്ങള്‍ ഏഴെണ്ണമെടുക്കാനുണ്ടാവില്ല.

വടിച്ചു വടിച്ചു തലയോട്ടിവരെ പാതിയായ ഒരാളായിരുന്നു അധ്യക്ഷന്‍. കറുപ്പ് കഴക്കുദിച്ചത്പോലെ അയാള്‍ നിന്നു കിതച്ചു. സ്വാഗതം പറഞ്ഞയാളും ആടുന്നുണ്ടായിരുന്നു. ബ്രാന്‍ഡേതെന്നു അയാള്‍ പറഞ്ഞത് ആള്‍ക്കാര്‍ കേട്ടതേയില്ല. നിരൂപണം എഴുതാനിരിക്കുമ്പോള്‍ സെര്‍വര്‍ ഡൗണായി ഇത്തവണത്തെ ഓണപതിപ്പില്‍ വന്നതുമില്ല.

മുന്‍വരിയിലുരുന്ന കറുത്ത് മിന്നുന്ന പെണ്‍കുട്ടിയെ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. സല്‍വാര്‍ വേഷമെങ്കിലും ഷാള്‍ കൊണ്ടുവന്നിട്ടില്ല. ജേര്‍ണലിസ്റ്റായത് കൊണ്ടാവണം.

സഭാധ്യാക്ഷന് മടുത്തപ്പോള്‍ ഞാനെഴുന്നേറ്റു. പ്രസംഗം പരതിയ കയ്യില്‍ വെടിയുണ്ടയും പത്മനാഭനും പിന്നെയും കൊത്തി. മൈക്കിനടുത്തു എത്തിയപ്പോള്‍ വിസ്മയയില്‍ കുളിച്ച ഈറന്‍ മാറാത്ത പെണ്ണുങ്ങള്‍ കയ്യടിച്ചു.

'പത്തായിരം രൂപ തികച്ചെടുക്കനില്ലാത്ത ജന്മാധാരം'

കൊല്ലം ആയിരത്തി ഒരുനൂറ്റി അറുപത്തൊമ്പത് കന്നിമാസം നാലിന് മൂലമ്പള്ളി ഗ്രാമത്തില്‍ മുളവുകാട് താമസിക്കും പി. ജെ. ദേവസ്യ എന്നവരുടെ മകനും കമ്പനിജോലി മുമ്പത്തേക്കാള്‍ വയസ്സധികം, രണ്ടുകുട്ടികളുടെ അച്ഛനും ഭാര്യയുമുള്ള, പോട്ടംപ്ലാക്കല്‍ ജോസുക്കുട്ടി സ്വമനസ്സാലെ ഒപ്പിട്ടത്.

ചുവടെ കാണിച്ച പ്രകാരത്തിങ്കലുള്ള സ്വത്ത് മുമ്പ് പൂച്ചാലി പുരുഷു എന്നയാളുടെ ജന്മാധാരമായിരുന്നിട്ടുള്ളതും അതിന്മേലും മറ്റും കടലുണ്ടി മറിയാക്ക് വെറും കൊഴുകൃഷി നടപ്പ് കുടിയാന്മവകാശവും കൈവശമായ നിലയില്‍ അതിന്‍റെ ജന്മം വച്ചതിനു വേണ്ടി കച്ചേരിപടവ് ലാന്‍റ് ട്രൈബ്യുണലില്‍ എല്‍. എ. 1409/1981 നമ്പ്ര് കേസ് ഫയലാക്കുകയും അതിന്മേലുണ്ടായ തീര്‍പ്പ് പ്രകാരം മേപ്പടി മറിയാക്ക് ജന്മം പതിച്ചുകൊടുക്കുകയും 811/866 നമ്പ്ര് ക്രയസര്‍ട്ടിഫിക്കറ്റ് കിട്ടുകയും ചെയ്ത ശേഷം മേല്പോട്ട് നോക്കിനിന്നവരെ വല്ലാര്‍പാടം ടെര്‍മിനലിലേക്ക് പോക്കുവരവിനു കൊണ്ടുപോകുകയായിരുന്ന ജെ.സി.ബി. ഇടിക്കുകയും..."

ഒന്ന് നിര്‍ത്തി, മുരടനക്കി പിന്നെയും പെണ്ണുങ്ങളോട് കയര്‍ത്തു.

"ചുവടെ പറയുന്ന സ്വത്ത് വേറെയും സ്വത്തോട്കൂടി മറിയാക്ക് 1991 മാര്‍ച്ച് 26-ാം തിയ്യതി എഴുതി കച്ചെരിപ്പടവ് രജി. ആഫീസില്‍ 1.404.91.101.91 ല്‍ 1116ാം നമ്പ്ര് ആധാരമൂലം ഞാന്‍ ജന്മം വാങ്ങുകയും ചെയ്ത വഴി ഇപ്പോഴും എപ്പോഴും എനിക്ക് മാത്രം അവകാശപെട്ടതും എന്‍റെ ജന്മവും കൈവശവുമായ വഹകളില്‍പ്പെട്ടതും ഞാന്‍ സര്‍ക്കാര്‍ നികുതിയും അതിന്‍റെ പേരില്‍ നോക്കുകൂലിയും കൊടുത്തു അനുഭവിച്ചു വരുന്നതും യാതൊരു വിധ കുടിക്കടവുമില്ലാത്തതിനാല്‍ മേല്പോട്ട് നോക്കി നിന്നവരെ അന്യായമായി ജെ.സി.ബി. കൊണ്ട് ഇടിപ്പികുകയും ഇത്രയും കാലം നല്ലതായ നടപ്പുവരവിനെ പോക്കുവരവാക്കുകയും അടിയാധാരത്തെ വഴിയാധാരമാക്കുകയും...."

പ്രസംഗം നീണ്ടുപോയപ്പോഴും കയ്യാങ്കളി തുടര്‍ന്നു കൊണ്ടിരുന്നു. കവര് കിട്ടിയപ്പോള്‍ യോഗം പിരിച്ചു വിട്ടു.

ചുരമിറങ്ങിവന്ന കാറ്റിനു മില്ലിന്‍റെ ശക്തിയുണ്ട്.

മുന്‍വരിയിലിരുന്ന കറുത്തു മിനുത്ത പെണ്‍കുട്ടി കാറിന്‍റെ ഗ്ലാസ്സുയര്‍ത്തി കാറ്റിനെ പുറത്താക്കി. എന്നിട്ട് എന്‍റെ നേരെത്തിരിഞ്ഞു ചോദിച്ചു.

"തോര്‍ത്ത്‌ കൊണ്ട് വന്നിട്ടുണ്ടോ?"ചൊക്ക്- രണ്ടാം ഭാഗം


രണ്ടാം ഭാഗം
ഇരുണ്ടുകെട്ടിയ ആകാശത്തിനും ഒരങ്കലാപ്പുണ്ട് . മഴ പെയ്യുമോ- അതോ കാറ്റു കൊണ്ടുപോകുമോ. എന്തായാലും കാറ്റായിരിക്കുകയില്ല. കാലാവസ്ഥനിരീക്ഷണകേന്ദ്രത്തില്‍ നിന്ന് ആടിയാടി
പോയയാള്‍ സൂചനയൊന്നും തരാത്ത തെറിയാണ് പറഞ്ഞുകൊണ്ടിരുന്നത് . മഴമേഘങ്ങള്‍ക്കെന്നും തോടിയാണ്. സംഗീതവാസനയില്ലാത്തതിനാല്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.
ലഗേജ് കാബിന്‍ മൊത്തം ഡ്യൂട്ടിഫ്രീ-മാല്‍ ആയതുകൊണ്ടാവണം ദുബായില്‍ നിന്നും പറന്നെത്തിയ വിമാനം എട്ടു മണിക്കൂര്‍ വൈകി വെച്ചുവേച്ചാണ് ലാന്‍ഡ് ചെയ്തത് . .
ഡ്യുട്ടി കഴിഞ്ഞു ഒരാഴ്ചയായിട്ടും ,വീട്ടില്‍ പോവാത്ത വയസ്സന്മാരായ റിട്ടയേര്‍ഡ്‌ കസ്റ്റംസ് ഓഫീസര്‍മാര്‍ ചാക്കുമായി ദുബായിക്കാരെ വട്ടമിട്ടു പിടിച്ചു.അണ്‍ഡര്‍ വെയര്‍ അടക്കം ഊരിക്കൊടുത്തു
നഗ്നപാദരായി കള്ള് ഷാപ്പ് ലക്ഷ്യമാക്കി പാഞ്ഞു.

അയാള്‍ എത്തിയപ്പോള്‍ പിന്നെയും നേരമിരുട്ടി. ഇരന്നു കൊണ്ടായിരുന്നു വരവ്. ദക്ഷിണകാശിയില്‍ ശിവഗംഗേ എന്ന എന്ന പാട്ടും പാടി.
പോര്‍ച്ചിനു മുന്നില്‍ രാമച്ചത്തിന്‍റെ കുളിരും കസ്തൂരി മഞ്ഞളിന്‍റെ കാന്തിയുമുള്ള ഒരു കറുത്ത സുന്ദരി സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നു.
ഇംഗ്ലിഷിലായത് കൊണ്ടാവാം ഇടയ്ക്കിടെ ചന്തിയും ചോറിയുന്നുണ്ട്. നായര്‍ എന്നെ നോക്കി .

"ഒന്ന് ഒരസിയാലോടാ '

'ഉണ്ണിയേട്ടാ, ലേഡി മൌണ്ട് ബാറ്റനും ചെറിയ കോവിലകത്തു കേശവ പിള്ളയും തമ്മിലുണ്ടായിരുന്ന ബന്ധമറിയ്വോ നിങ്ങള്‍ക്ക് . പുല ,ബാലാമ ഇതൊക്കെ ,
ഇന്ത്യയെ നമ്മള്‍ക്ക് പിന്നെ കണ്ടെത്താം . ഇപ്പോള്‍ വീട് പിടിക്കാം "

എയര്‍ പോര്‍ട്ടിനു മുന്‍പിലെ വിശാലമായ മന്തോട്ടത്തില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളിലൊന്നില്‍ അവരിരുവരും വിദേശത്തേക്ക് തിരിച്ചു.
അരമണിക്കൂര്‍ ഓടിക്കഴിഞ്ഞു കര്‍ണ്ണാടകം കേരളത്തിനു കുറുകെ കെട്ടിയിരിക്കുന്ന പാലം കഴിഞ്ഞപ്പോള്‍ കാറില്‍ ബാറു തുടങ്ങി. സര്‍ക്കാരിന്‍റെ പ്രഖ്യാപിത അബ്കാരിനയത്തില്‍
അല്‍പം മാത്രം വെള്ളം ചേര്‍ത്ത് , കാന്താരിമുളകിന്‍റെ മാറ് പിളര്‍ന്നു , നാരങ്ങാരസം പറഞ്ഞുണ്ടാക്കി അയാള്‍ നായര്‍ക്ക്‌ ചെരിച്ചുകൊടുത്തു . ഇടയ്ക്കിടയ്ക്ക് സ്വയം പ്രോത്സാഹിപ്പിക്കാനും
മറന്നില്ല.

"എടാ ബംഗാളില്‍ നമ്മുടെ അവസ്ഥയെന്താ ?"

കാരണവന്മാരുണ്ടാക്കിയതിലൊക്കെ സലിം ഭായ് ഒപ്പ് വച്ചിട്ടുണ്ട് , ടാറ്റ പറഞ്ഞു പോയെങ്കിലും നീരയില്‍ പ്രതീക്ഷയുണ്ട് "

"അവയ്ല്ലബില്‍ പോളിറ്റ് ബ്യൂറോയില്‍ മേല്‍കമ്മറ്റി തീരുമാനം വന്നോ ?"

കാരാട്ട് ബ്രിന്ദയോട് എത്ര വട്ടം ചോദിച്ചിട്ടും അവരൊന്നും മിണ്ടുന്നില്ല.
.
ലീഡറില്ലാത്ത റോഡായിട്ടും ആളുകള്‍ പേടിച്ചുതൂറി തന്നെയാണ് വണ്ടിയോടിക്കുന്നത്. കുഴികളുള്ളതിനാല്‍ സ്വയം കുലുങ്ങേണ്ടി വന്നില്ല. കുമ്പളപ്പാലം കഴിഞ്ഞപ്പോള്‍ പോലീസ് കൈകാട്ടി.
എസ്. ഐ പുതിയതാണെങ്കിലും അക്ഷര സ്ഫുടത തൊട്ടുതെറിച്ചിട്ടില്ല

മദ്യപിച്ചു വണ്ടി വിട്ടാല്‍ ദിര്‍ഹം അഞ്ഞൂറാണ് ചലാന്‍

സിബ്ബിടാത്ത മറ്റുപോലീസുകാര്‍ ആര്‍ത്തിയോടെ കുരവ വിളിച്ചു

നൂറു കൂടിയാലും സാരമില്ല സാറേ ....

ഉന്മത്തരായ ജയരാജര് കക്കിക്ക് പുല്ലുവില നല്‍കിയെങ്കിലും കോടതിയില്‍ ഭവ്യത കാണിച്ചു .അടിക്കൊട്ടിയ ബാക്കിദ്രവ്യം അണ്ണാക്കിലൊഴിച്ചു ഒരയ്യായിരത്തിന്റെ ഒറ്റനോട്ടെടുത്ത് നായര്‍
ആഭ്യന്തരവകുപ്പിന് കൈമാറി .

"ഇത് വച്ചോ , ഒരാഴ്ച ഞാനിവിടെ കാണും "

ഹാന്‍ഡ്സ് അപ്പ് , പോലീസ്ബില്‍ ഇന്നലെ സഭയില്‍ പാസ്സാക്കിയതിനാല്‍ റസീറ്റിനു ക്ഷാമം.എഴുപതോളം ആള്‍ക്കാര്‍ക്കുള്ള ശവഘോഷയാണിത്തവണ ആഭ്യന്തര വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നത് . വന്നവര്‍ക്ക് ഇരിക്കാനുള്ള സോഫകള്‍ ചെത്ത് തൊഴിലാളി സംഘടന കടമായി നല്‍കും. ഇതിന്‍റെ നയതന്ത്രരേഖയില്‍ ഗവര്‍ണര്‍ കണ്ണും പൂട്ടി ഒപ്പിട്ടു കഴിഞ്ഞു

എന്നാല്‍ ഓരോ പാട്ടുംപാടി നാരായണിയുടെ ചെറ്റപ്പുരക്ക് മുട്ടാം.
കണ്ടം വരമ്പത്തൂടെ ചിണ്ടന്‍ പോമ്പോ ,
എന്തിനു നീ മാക്കേ താണ് നോക്കുന്നെ
കോണം കറുത്തത് കൂട്ടാക്കണ്ടാ
കുറിവച്ച കോണം ന്‍റെ പെട്ടീലുണ്ട്

(തുടരും)

* ചൊക്ക് : കൃസൃതിഇ മെയില്‍">മരിക്കാത്ത ഓര്‍മ്മകള്‍ , ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് എ. ശാന്തകുമാറിന്റെ മരം പെയ്യുന്നു എന്ന നാടകത്തിന്. സ്വന്തം ജീവിത ദുരന്തത്തിന് നാടകത്തിലൂടെ കണക്കു പറഞ്ഞ അജയന്റെ ജീവിതം .തെങ്ങില്‍നിന്നും മരണത്തിലേക്ക് വീണു അരയ്ക്കു താഴെ തളര്‍ന്നു പതിമൂന്നു വര്ഷം ശയ്യാവലംബിയായി ഏകാന്തതയുടെ തുരുത്തില്‍ നിന്നും നാടകത്തിലേക്കു പിച്ചവച്ച നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നാടകം പോലും കീഴടങ്ങി.സ്വന്തം ജീവിത ദുരന്തങ്ങളോട് നാടകത്തിലൂടെ കണക്കു പറഞ്ഞ അജയന്‍ . ചലനശേഷി നഷ്ടപ്പെട്ടു കിടക്കുമ്പോള്‍ അയാളുടെ ഏക ആശ്വാസം പണ്ട് കളിച്ചനാടകങ്ങളുടെ ഓര്‍മ്മയായിരുന്നു. അത്തരമൊരു ദിവസത്തില്‍ ആണ് പഴയ ചങ്ങാതിയായ ശാന്തകുമാര്‍ അജയനെ കാണാന്‍ പോകുന്നത് . അജയന്‍ പറഞ്ഞു. എനിക്ക് നിന്റെ നാടകത്തില്‍ അഭിനയിക്കണം . എന്തെങ്കിലും റോള് ...വെടിയേറ്റ്‌ കിടക്കുന്ന ഒരു പട്ടാളക്കാരന്റെ റോള് , പാതിമരിച്ച ഒരു വിപ്ലവകാരിയുടെ റോള് ,എനിക്ക് വേണ്ടി ഉണ്ടാക്കണം ..അങ്ങിനെ സ്വന്തം സുഹൃത്തിനു വേണ്ടി ശാന്തകുമാര്‍ എഴുതി , അജയന്‍ അവതരിപ്പിച്ച നാടകമാണ് " മരം പെയ്യുന്നു' ഇരുപതോളം അരങ്ങുകളിലൂടെ അടങ്ങാത്ത ആവേശത്തിന്റെ സാക്ഷല്‍ക്കാരമായിരുന്നു അത് . സിവിക് ഹെമിംഗ് വേയെ
ഉദ്ധരിച്ചു പറഞ്ഞത് പോലെ 'മനുഷ്യനെ കൊല്ലാനാവും, തോല്പ്പികാനാവില്ല'.


മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് അജയന്‍ എഴുതി...


"നട്ടെല്ല് തളര്‍ന്ന ഞങ്ങള്‍ മറ്റു വികലാംഗരില്‍ നിന്നും വ്യത്യസ്തനാകുന്നത് എതാണെന്നറിയുമോ ? ഞങ്ങളുടെ ശത്രു കൂറ, എലി , ഉറുമ്പ് എന്നിവയാണ് ..ശ്രദ്ധ എപ്പൊഴും ശരീരത്തില്‍ പതിയണം ,
എന്നെ സ്ഥിരമായി ഉറുമ്പും കൂറയും തിന്നാറുണ്ട് .ഒരു ഭാഗം മുഴുവന്‍ ചെത്തിയെടുത്ത പോലെ ഉറുമ്പ് തിന്നും .പോള്ളിയാലോ മുറിഞ്ഞാലോ ഒന്നും ഞങ്ങലറിയില്ല .രണ്ടു വര്ഷം വരെ ഒരു കുന്നിന്റെ മുലളിലായിരുന്നു താമസം ..നാടകം കാണാനും മറ്റു പലതിനും പുറത്തു പോകാന്‍ മൂന്നുനാല് പേര്‍ തൂക്കിയെടുത്ത് കൊണ്ടുപോകണം .പതിമ്മൂന്നു വര്ഷം മുന്‍പ് രണ്ടു കാര്യങ്ങള്‍ മാത്രമേ ചെയ്തുള്ളൂ..ഒന്ന് തെങ്ങില്‍ കയറല്‍,പിന്നെ നാടകം കളിക്കല്‍ ...രണ്ടു വര്ഷം ശാന്തകുമാര്‍ മനസ്സില്‍കൊണ്ട് നടന്നു പ്രസവിച്ചതാണ് ഈ നാടകം . സ്ക്രിപ്ട്‌ വായിച്ചപ്പോള്‍ മനസ്സില്‍ ആശങ്ക . കൂടാതെ എന്റെ അവസ്ഥയില്‍ മുഖ്യ നടി സത്യ ചേച്ചിയുടെ കരച്ചിലും .. ഒരു ദിവസം മുഴുവന്‍ നീണ്ടു കിടക്കുന്ന പരിശീലനത്തില്‍ കൂടെ പായയും കൊണ്ടാണ് പോകുന്നത്...തളര്‍ന്നാല്‍ കിടക്കാന്‍."

ഒരു ലഹരിപോലെ അജയന്‍ കൊണ്ട് നടന്ന നാടകയാത്രയുടെ പാതിരായാത്രകള്‍ പാതിവഴി നിര്‍ത്തി ഒരു ഡിസംബറില്‍ അജയന്‍ പോയി. പക്ഷെ നാടകത്തിന്റെ പാതിരായാത്രകള്‍ അവസാനിക്കുന്നില്ല.


മഴ നിന്നാലും മരം പെയ്തുകൊണ്ടേയിരിക്കും.