Friday, January 14, 2011

കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?

ഫെസ്റ്റിവല്‍ ഡയറി - ഒന്ന്

ഫലിതപ്രിയനും ഫോട്ടോഗ്രാഫറുമായ മുത്തലിയായിരുന്നു ഇത്തവണ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവല്‍ താരം.ബാഗ് നിറയെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങുമായി ദുബായില്‍ നിന്നും പറന്നെത്തിയ മുത്തലിയെ ആളുകള്‍ പൊതിഞ്ഞു പ്രകീര്‍ത്തിച്ചു.

ലയണല്‍ റിച്ചി പാറപ്പുറത്ത് പാടിയപോലെ കാണുന്നതെല്ലാം ക്യാമറകാഴ്ചകള്‍. അഞ്ചാം തവണയാണ് തിരുവനന്തപുരതോട്ട് പോകുന്നത്.പോയതും,തവണകളും ഓര്‍മയുണ്ട്.തിരിച്ചു എങ്ങിനെ എത്തി എന്നതിനെ കുറിച്ച് യാതൊരു തിട്ടവുമില്ല. എഴുത്തുകാരും അതില്‍ തോറ്റ് തൊപ്പിയിട്ട മാധ്യമ പ്രവര്‍ത്തകരും പേ പിടിച്ചു പായുന്ന നാടല്ലേ, ശമ്പളദിവസം രാവിലെ മൂന്നര മണിക്കൂര്‍ മാത്രമാണ് ഇവര്‍ ഡീസന്റ് ആകുന്നത്‌.എന്നാല്‍ ഇത്തവണ എന്നെ ഭദ്രമായി തിരിച്ചെത്തിക്കാന്‍ ശശി മാഷ്‌ കൂടെയുണ്ട്.


ദിവസവും അഞ്ചു സിനിമയും കണ്ടേ അടങ്ങൂ എന്ന വാശിയിയില്‍ പരക്കം പായുന്നവര്‍
നാല് സിനിമയും ഒരല്പം നീന്തലുമെന്നു വാശി പിടിക്കുന്നവര്‍..
പരീക്ഷാഹാള് വിട്ടു എഴുതിയത് ശരി തന്നെയെന്നു ഫെസ്ടിവല്‍ ഹാന്‍ഡ് ബുക്ക്‌ നോക്കി അടുത്ത സിനിമക്ക് ഓട്ടോ പിടിക്കുന്നവര്‍.


ദിവസവും നാട്ടില്‍ കാണുന്നവര്‍ ഫെസ്റ്റിവല്‍ ആയതു കൊണ്ട് മാത്രം കണ്ടാലും മിണ്ടാത്തവര്‍
സിനിമ ഹാളിനു പുറത്തു സിനിമയെ നേരെയാക്കാന്‍ നടക്കുന്നവരുടെ വേലകള്‍, വേലപ്പന്റെ നാട്ടിലെ അന്താരാഷ്ട്രാ സിനിമാ ഉത്സവം.

താടിയും മുടിയും നീട്ടി വളര്‍ത്തി ബാഗും തൂക്കിയ ജോണിന്റെ പേക്കോലങ്ങള്‍ തീരെയില്ല. പകരം പുതിയ വേഷങ്ങള്‍ എമ്പാടും പല മട്ടിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കാഴ്ച്ചയുടെ ഈ പുതിയ അംശക്കാര്‍ സിനിമയെ എങ്ങിനെ സമീപിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ടായി. എങ്ങിനെയും സമീപിക്കുന്നില്ലെന്നും ഈ പണ്ടാരം തിന്നു തീര്‍ത്താല് അടുത്ത വേദികളില്‍ ബാഡ്ജും കഴുത്തില്‍ തൂക്കി നടക്കാമെന്ന് നിശ്ചയിച്ചു ഉറപ്പിച്ചവര്‍ ..........

മൂന്നു സിനിമ കണ്ടു കണ്ണു മഞ്ഞളിച്ചു പുറത്തിറങ്ങിയപ്പോഴാണ് വത്സന്‍ മാഷുടെ വീര്‍ത്ത തുണി സഞ്ചി കണ്ടത്. ഡീഗോ ഫ്രായ്ടിന്റെ ''വീഞ്ഞ്'' വേദനയോടെ ഒഴിവാക്കി ഭീമാപള്ളി വരെ പോയതാണ് അദ്ദേഹം.കൂടെ കൊണ്ട് വന്ന ബാബു അന്നൂരിന്റെ കയ്യിലുമുണ്ട് ഒരു കറുത്ത ഡ്യൂട്ടി ഫ്രീ സഞ്ചി. മീന്‍ മേടിക്കാന്‍ ചാല വരെ വരണോ എന്ന് കാപ്പിരി ഭാഷയില്‍ ചോദ്യം ചെയ്തു.

സ്വതസിദ്ധമായ സീരിയസ് റോളില്‍ വത്സന്‍ മാഷ്‌ ആവേശം കൊണ്ടു.
ക്രിസ്ത്യന് യീമെനീസിനെയും കിട്ടി ,ബെല്‍മബാസ്സിനെയും കിട്ടി. മൈ ബെസ്റ്റ് ഫ്രണ്ടും,ഫാസ് ബിന്ദ്രരുംഅടക്കം പത്തു പതിനാലു ഫെസ്ടിവല്‍ സിനിമകള്‍ വേറെ കിട്ടി. നീ കൂടി ഒന്ന് പോയി വാ ജയാ..


------------------------------------------------------------------------------


പള്ളിയായത് കൊണ്ടു മുത്തലിക്കത് കണ്ടു പിടിക്കാന്‍ ലേശം ബുദ്ധിമുട്ടി.അങ്ങോട്ട്‌ മിങ്ങോട്ടുമുള്ള യാത്രാക്കൂലിക്കു പുറമേ ''യന്തിരന്റെ'' പുതിയ ഡി വി ഡി യും തരാമെന്നു പറഞ്ഞു മുത്തലി ഡ്രൈവറെ ചാക്കിട്ടു തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ മൊഴിഞ്ഞു, യന്തിരനെ സാറ് കയ്യില്‍ വച്ചോ താര്‍ക്കോവിസ്കിയുടെ സാക്രിഫൈസോ,ആന്ദ്രെ റുബ്ലോവോ മേടിച്ചു തന്നാല്‍ ഞാന്‍ കൊണ്ടു വിടാം.അതു തീര്‍ന്നെങ്കില്‍ സ്റ്റാക്കറോ മിററോ ആയാലും മതി.


''എതോരാനന്ദത്തിലും ഉണ്ട് ഇത്തിരി ബലി'' (സാക്രിഫിസ്') കവിത -കെ .ജി .എസ് .


ഹറാമായ സിനിമകളും പാട്ട് സി. ഡി കളും പള്ളിക്ക് ചുറ്റും നിരത്തി വില്‍ക്കുന്നു.ഇന്നലെ ഇറങ്ങിയ ഹോളിവുഡും നാളെ ഇറങ്ങുന്ന മലയാളവുമുണ്ട്.മീന്‍ ചന്ത പോലെ തിരക്കും ആര്‍പ്പുവിളിയും.ഋഷിരാജ് സിംഗ് കണ്ടില്ലെന്നു നടിച്ച വാണിജ്യ കേന്ദ്രം.കാറല്‍ മാര്‍ക്സ് കാണാത്തതും ഋഷിരാജ് സിംഗ് കണ്ടില്ലെന്നു നടിച്ചതുമായ കല സിനിമയാനെന്നതിനു ഭീമ പള്ളിക്കാര്‍ക്ക് യാതൊരു തര്‍ക്കവുമില്ല.

നൂറു കണക്കിന് സി ഡി കടകള്‍,കൈരളിയിലും കലാഭവനിലും ബാട്ജു തൂക്കി കണ്ട അതെ മുഖങ്ങള്‍..
കിം കി ഡുക്കിനു വേണ്ടി അമോസ് ഗിഥായിക്ക് വേണ്ടി, അലന്‍ റെനേക്ക് വേണ്ടി , വാവിട്ടു നിലവിളിക്കുന്നു.

മുത്തലിയാണെങ്കില്‍ ചിരപരിചിതനെപോലെ റോമന്‍ പോളന്‍സ്കിയുടെ ബിറ്റര്‍ മൂണും,ചൈന ഗേറ്റും തിരഞ്ഞെടുത്തു. പോളണ്ടിലെ പുതിയ രാഷ്ട്രീയ സിനിമകളെ കുറിച്ച് കാസറ്റു വില്പനക്കാരുമായി ചര്‍ച്ചക്കൊരുമ്പെടുന്നു. ബുനുവലില്‍ തുടങ്ങി പ്രിയനന്ദനിലും അവസാനിക്കാത്ത അനന്തമായ കഥാസാഗരം. ജാഫര്‍ പനഹിയും ഫ്ലോറിയന്‍ ഹെങ്കലും വരെ വന്നു ബീമാപള്ളിയില്‍!
ഫിലിം ഫസ്ടിവലില്‍ ലോകസിനിമയുടെ ചര്‍ച്ച കൊണ്ടു വരാന്‍ വെസ്റ്റ്‌ ജര്‍മനിയില്‍ നിന്നും വെര്‍ണറെ കിട്ടിയില്ലെങ്കില്‍ ഒന്ന് നമുക്ക് ഭീമാപള്ളി വരെ പോകാം, കാസറ്റ് കടക്കാരനെ പിടിക്കാന്‍ക്കാന്‍!!

ഇക്കൊല്ലം മലയാളത്തിന്റെ സ്വന്തം സൂപര്‍ സ്റ്റാറായ ഹെര്‍സോഗിന്റെ സിനിമ കാണാന്‍ ആര്‍ത്തലച്ചു വന്നവരിലെ ചില തടിയന്മാരെയും താടിക്കാരെയും പിടികിട്ടി. രഞ്ജിത്ത് കമല്‍, ലാല്‍ ജോസ്, അമ്പിളി, പിന്നെയുമുണ്ടായിരുന്നു വിശിഷ്ട വ്യക്തികള്‍.

ഇവരോടെല്ലാം ഒന്നേ ചോദിക്കാനുള്ളൂ..

''എന്താ ചേട്ടന്മാരുടെ അടുത്ത ഐറ്റം?സാമാന്യം ആളുകള്‍ പോയി ആസ്വദിച്ചിരുന്ന മലയാള സിനിമാ തീയറ്ററുകളൊക്കെ തമിഴന്റെയും തെലുങ്കന്റെയും തൊഴുത്തില്‍ കെട്ടിയ നിങ്ങളുടെ അടുത്ത മാസ്റെര്‍പീസുകള്‍ എന്തൊക്കെയാണ്?
''പറയാം ഈ മത്സര സിനിമയില്‍ ഒന്ന് തപ്പിക്കോട്ടെ ''

No comments: