Friday, January 14, 2011

വീട്ടിലേക്കുള്ള വഴി: ഡോക്ടര്‍ ബിജുവിന്

ഫെസ്റ്റിവല്‍ ഡയറി - രണ്ടാം ഭാഗം

ഒരിക്കല്‍ വിരണ്ടോടിയ ജനക്കൂട്ടം തിരിച്ചെത്തിയിരിക്കുന്നു.
പാരീസിലെ ഗ്രാന്റ് കഫേയിലെ തിരശീലയില്‍ തീവണ്ടിയുടെ നിശബ്ദ ചിത്രം കണ്ടു പിന്തിരിഞ്ഞോടിയവരുടെ
പിന്മുറക്കാര്‍ തര്‍ക്കോവ്സ്കിയോട് തര്‍ക്കിക്കുന്നതും ഗൊദാര്ദി ന്റെയും ബുനുവലിന്റെയും സിനിമകളെ കുറച്ചു കൂടി നന്നാക്കാമായിരുന്നില്ലെയെന്നതും സ്ഥിരം ശീലമാക്കിയിരിക്കുന്നു.
ഗ്രിഫിത്തിനെയും മോണ്ടാഷിനെയും ഒരു കാലത്ത് ഭല്സിച്ചിരുന്നവരുടെ ഉച്ചാരണശുദ്ധി കുറെ കൂടി ഭേദപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം സ്ഥിരം വേദിയായതിനുശേഷം സെക്രട്ടറിയെറ്റിനും സന്തുഷ്ടിയുണ്ട് . കണ്ടിരിക്കുന്നതും കേട്ടിരിക്കുന്നതും ശീലമാക്കാത്തത് രാഷ്ട്രീയക്കാരുടെ കുറ്റമല്ലല്ലോ.


മങ്കടയെ ഓര്‍മ്മിച്ചു കൊണ്ട് സ്വയംവരവും അടൂര്‍ പങ്കജത്തിനു സ്മരണാഞ്ജലിയായി ചെമ്മീനും കാണികള്‍ക്ക് സമര്‍പ്പിച്ചു .
ചെമ്മീനെ ഓര്‍ക്കാന്‍ ഒട്ടേറെയുണ്ട് കാരണങ്ങള്‍ . ഇന്ത്യയിലെയും വിദേശത്തെയും മഹാരഥന്‍മാര്‍ സമ്മേളിച്ചോരുക്കിയാതാണാ കടപ്പുറം .
കാര്യാട്ടിനെ ഓര്‍മ്മിച്ചു അരവിന്ദേട്ടനും ഞാനും കുട്ടികള്‍ക്കെങ്കിലും പേരിട്ടു.. എന്നിരുന്നാലും എനിക്ക് ചെമ്മീന്‍ ഋഷികേഷ് മുഖര്‍ജിയാണ്. പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ ഹിന്ദി ചിത്രങ്ങള്‍ പ്രത്യേകിച്ചും. വെറും എഡിറ്റിംഗ് ആയിരിക്കുമോ മുഖര്‍ജിക്ക് ചെമ്മീന്‍ ?
സാഹിത്യവും സിനിമയും തമ്മിലുള്ള മല്‍പിടുത്തം നമ്മള്‍ ഒട്ടനവധി ആസ്വദിച്ചെങ്കിലും അവര്‍ ഇപ്പോഴും പിടുത്തം വിടാന്‍ തയ്യാറായിട്ടില്ല.ഒടുവില്‍ അടൂരും കറിയാച്ചനും ഇപ്പോള്‍ ഇതാ നന്ദകുമാറും വിജയസൂത്രവും തമ്മില്‍.
ചെമ്മീന്‍ കണ്ടിറങ്ങിയപ്പോള്‍ ഇത് കലശലായി . നോവലാണോ അതോ സിനിമയോ...

ഒരിക്കല്‍ ഒരു യജമാനന്‍ തന്റെ പട്ടിയെയും കൂട്ടി സിനിമയ്ക്കുപോയി .
"ചെമ്മീന്‍ " ആണ് കളിക്കുന്നത്. അവര്‍ രണ്ടു ബാല്‍ക്കണി ടിക്കെറ്റെടുത്ത് ഹാളില്‍ ഇരുന്നു സാകൂതം സിനിമ വീക്ഷിക്കാന്‍ തുടങ്ങി....
പട്ടിയാവട്ടെ യാതൊരുവിധ പട്ടിചേഷ്ടകളുമില്ലാതെ , ആര്‍ക്കും ആലോസരമുണ്ടാക്കാതെ സിനിമയില്‍ തന്നെ ലയിച്ചിരുന്നു.
ആള്‍ക്കാര്‍ക്ക് ;അത്ഭുതം , പഹലീ ബാര്‍ , അതും ഒരു പട്ടി മനുഷ്യനെ പോലെ സിനിമ കാണുന്നു. അതിശയം ......
സിനിമ തീര്‍ന്നപ്പോള്‍ ആള്‍ക്കാര്‍ യജമാനനെയും പട്ടിയെയും വളഞ്ഞു,
" സാര്‍, ഞങ്ങളാദ്യമായാണ് ഒരു പട്ടി , അതും വെറും ഒരു പട്ടി , പോട്ടെ ടിക്കറ്റും എടുത്തു , ഇങ്ങിനെ സിനിമ കാണുന്നത്.. എന്താണ് ഇതിന്റെ രഹസ്യം"
യജമാനന്‍ പട്ടിയെ ഓമനിച്ചു കൊണ്ട് പറഞ്ഞു :
"ഇതില്‍ രഹസ്യമൊന്നുമില്ല, കൈസറിനു നോവല്‍ അത്ര ഇഷ്ടപ്പെട്ടില്ല !!!!"""

ആദരാഞ്ജലി വിഭാഗീയതയിലല്ലെങ്കിലും ഓര്‍ക്കാന്‍ എനിക്കും ഒരു സിനിമ കിട്ടി.
മലയാള സിനിമയുടെ നട്ടുച്ച വിഭാഗത്തില്‍ ജോണിന്റെ അമ്മ അറിയാന്‍.
പെടാപ്പാട് പെടുന്ന ജോയേട്ടനെ ഓര്‍ത്തും പിന്നെ ജോണിന്റെ ഇക്കഥയോര്‍ത്തും.

ഒരിക്കല്‍ ജോണ്‍ അബ്രഹാം പ്രേംനസീറിന്റെ മാളികയിലേക്ക് കയറിച്ചെന്നു.
ജോണ്‍ , രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും അവാര്‍ഡൊക്കെ വാങ്ങി ഇന്ത്യന്‍ നവസിനിമയുടെ പ്രായേക്താവായി അരങ്ങു വാഴുന്ന കാലം.
പ്രേം നസീറാവട്ടെ, 1000 -ലധികം സിനിമയില്‍ മരമൊക്കെ ചുറ്റി എങ്ങിനെയെങ്കിലും ഒരു അവാര്‍ഡു സിനിമയില്‍ കൂടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന കാലവും . കാണേണ്ടവര്‍ കാണുന്നു...
നസീര്‍ വര്‍ധിച്ച സന്തോഷത്തോടെ ജോണിനെ സ്വീകരിച്ചിരുത്തി , കുശലവിശേഷങ്ങള്‍ അന്വേഷിച്ചു.
അപൂര്‍വമായി മാത്രം കാണാവുന്ന ഒരു കുപ്പിയില്‍ നിന്നും നിറമില്ലാത്ത ഒരു ദ്രാവകം നസീര്‍ , വളരെ കുറച്ചു ജോണിന് പകര്‍ന്നു കൊടുത്തു.
ജോണ്‍ നാണത്തോടെ , ആ "സംസം വെള്ളം" വോഡ് ക്കയാണെന്നു വിചാരിച്ചു ഒറ്റസിപ്പിലടിച്ചു ചിറിതുടച്ചു...
"മിസ്റ്റര്‍ പ്രേം നസീര്‍ " ഘന ഗംഭീര ശബ്ദത്തില്‍ ജോണ്‍ തുടങ്ങി..."ഞാന്‍ വന്നത് , താങ്കളെ വച്ച് ഒരു സിനിമ എടുക്കുന്ന കാര്യം ആലോചിക്കാനാണ് "
വൈദ്യന്‍ വന്നതും രോഗി ആശിച്ചതും ഒന്നേ ഒന്ന്..
നസീറിനു ആഹ്ലാദം പെരുത്തു, " എത്ര ദിവസത്തിന്റെ കാള്‍ ഷീറ്റ്‌ വേണ്ടി വരും "

ജോണ്‍ പറഞ്ഞു ' ഒരേ ഒരു ദിവസം മാത്രം മതി "
നസീര്‍ ഞെട്ടി , ജോണ്‍ അല്ലെ.. ചിലപ്പോള്‍ ഒറ്റ ദിവസം മതിയായിരിക്കും...
"ഓകെ ഓകെ , എന്താണ് ജോണ്‍ കഥ ?"
"കഥാ ...ഒരു ഡിക്ടറ്റീവ് സ്റ്റോറി. മിസ്റ്റര്‍ നസീറാണ് അതിലെ ഡിക്ടറ്റീവ് നായകന്‍ ,"
നസീറിനു സന്തോഷായി.. എന്നാലും ജോണെ, ഒറ്റ ദിവസം കൊണ്ട് തീരുമോ ?
" തീര്‍ച്ചയായും മിസ്റ്റര്‍ നസീര്‍.." ജോണ്‍ തുടര്ന്നു...
" സിനിമ തുടങ്ങുമ്പോള്‍ ഡിക്ടറ്റീവ് ആയ താങ്കള്‍ ഒരു മുഖംമൂടി ധരിക്കുന്നു...തീരുന്നതിനു മുന്‍പ് അങ്ങു മുഖം മൂടി ഊരിമാറ്റുന്നു ..
ബാക്കിയൊക്കെ ഞാന്‍ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിച്ചോളാം..


ആറാം ക്ലാസ്സിലെ ടി. ഡി. ദാസനെ തോല്‍പ്പിച്ച് കൊളംബിയന്‍ കാര്‍ലോസ് ഗവിരിയ സംവിധാനം ചെയ്ത 'Portraits in a Sea of Lies',നുള്ള സുവര്‍ണ്ണ ചകോരം മന്ത്രി ബേബി കൊടുത്തപ്പോള്‍ മാത്രമാണ് മറ്റുള്ള മന്ത്രിമാര്‍ക്ക് അത് സിനിമയാണെന്ന് മനസ്സിലായത്‌. അവസാനമായിട്ടും പോകാതിരുന്ന ഡോക്ടര്‍ ബിജുവിന് ബാക്കിയുണ്ടായിരുന്ന അവാര്‍ഡും കൊടുത്തു. വീട്ടിലേക്കുള്ള വഴി.

No comments: